X

ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതു വരെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് വ്യക്തമാക്കി ഖത്തര്‍

ദോഹ: ഫലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യ വക്താവ് ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍ വ്യക്തമാക്കി. ബ്ലൂംബര്‍ഗ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അവര്‍.

‘ ഈ സംഘര്‍ഷത്തിന്റെ സത്ത എന്നത് ഫലസ്തീനികളുടെ ജീവിത സാഹചര്യങ്ങളാണ്. അവര്‍ ഒരു രാജ്യമില്ലാതെ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്നു. ഇതു പരിഹരിക്കപ്പെടണം’ – അവര്‍ പറഞ്ഞു.

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച യുഎസിന്റെ മധ്യസ്ഥതലിയാണ് ഇസ്രയേലുമായി ഇരുരാഷ്ട്രങ്ങളും നയതന്ത്ര കരാര്‍ ഒപ്പു വയ്ക്കുന്നത്. വൈറ്റ് ഹൗസിലാണ് ഒപ്പുവയ്ക്കല്‍ ചടങ്ങ്.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവെക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.

 

Test User: