കൊച്ചി: ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേരള പൊലീസിന്റെ മുന്നറിയിപ്പ്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം.

കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആദ്യം മൊബൈല്‍ നമ്പര്‍ ചോദിക്കും. യുപിഐ വഴി പണം കൈമാറാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പര്‍ ചോദിക്കുന്നത്. തുടര്‍ന്ന് പണം കൈമാറാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ക്യൂആര്‍ കോഡ് അയക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നത്. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് കൊച്ചി സൈബര്‍ സെല്‍ വ്യക്തമാക്കുന്നു.

പണം സ്വീകരിക്കാന്‍ ക്യൂആര്‍ കോഡോ പാസ് വേര്‍ഡോ ആവശ്യമില്ല എന്ന കാര്യം ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പണം കൈമാറാന്‍ മാത്രമാണ് ക്യൂആര്‍ കോഡിന്റെ ആവശ്യമെന്നും സംസ്ഥാന പൊലീസ് ഓര്‍മ്മിപ്പിച്ചു.