X

ഫൈസലിന്റെ വീട്ടില്‍ രാധിക വെമുലയെത്തി

തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ മൗലീകാവകാശങ്ങള്‍ വകവെച്ചു തരാതെ അതിക്രൂരമായി അക്രമിച്ചൊതുക്കുകയാണെന്ന് രാധിക വെമുല പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന മക്കളും ഭാര്യയുമില്ലാത്ത നരേന്ദ്രമോദിക്ക് അറിയില്ലെന്നും അടുത്ത് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് അമ്മമാര്‍ ബി.ജെ.പിക്കെതിരെ വിധിയെഴുതുമെന്നും അവര്‍ തുടര്‍ന്നു. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിക്കാനും വിശ്വസിക്കാനുമുള്ള അവകാശമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ പൈതൃകത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നവരാണ് രാജ്യദ്രോഹികള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ദേശ വിരുദ്ധര്‍. ഇന്ന് രാജ്യദ്രോഹികളും ദേശവിരുദ്ധരുമായിട്ടുള്ള ആര്‍.എസ്.എസ്സുകാരുടെ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റും ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ആവശ്യമില്ലെന്നും രാധിക കൂട്ടിച്ചെര്‍ത്തു. ഫൈസലിന്റെ മക്കളുടെ സാന്നിധ്യത്തില്‍ അമ്മ മീനാക്ഷിയെ കെട്ടിപ്പുണര്‍ന്നു കൊണ്ട് രാധിക വെമുല പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളില്‍ ഈറനണിഞ്ഞു. രോഹിത് വെമുലയുടെ സുഹൃത്ത് റിയാസ് ശൈഖ്, യൂത്ത്‌ലീഗ് ജന. സെക്രട്ടറി സി.കെ. സുബൈര്‍, തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല അബൂബക്കര്‍, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.ഒ. നഈം. ട്രഷറര്‍ കെ.പി. നാസര്‍, .ഷമീര്‍ ഇടിയാട്ടില്‍ അനുഗമിച്ചു.

chandrika: