X

അഴിമതിയില്‍ റഫാല്‍ പ്രധാന വിഷയം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി

ഹൊസപേട്ട്: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചു വിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയമാണ് റഫാല്‍ ഇടപാടെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപം ഹൊസപേട്ടില്‍ കോണ്‍ഗ്രസ് ജനശീര്‍വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയര്‍വ്യൂ മിററില്‍ നോക്കിയാണ് പ്രധാനമന്ത്രി വാഹനമോടിക്കുന്നത്. അതിനാല്‍ തന്നെ അപകടങ്ങളും സംഭവിക്കുന്നു. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയവ ഇങ്ങനെ സംഭവിച്ചതാണ്. റിയര്‍വ്യൂ കണ്ണാടിയില്‍ നോക്കി രാജ്യം ഭരിക്കാനാവില്ല. ഭരണം എങ്ങിനെ നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മോദി പഠിക്കണമെന്നും രാഹുല്‍ ഉപദേശിച്ചു.

തന്റെ ഒരു സുഹൃത്തിനു വേണ്ടി ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി റഫാല്‍ കരാര്‍ മാറ്റുകയായിരുന്നെന്നും ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കിയിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ എച്ച്.എ.എല്ലിനായിരുന്നു നേരത്തെ റഫാല്‍ വിമാന നിര്‍മാണത്തിനായി കരാറുണ്ടാക്കിയിരുന്നത്. 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി വിമാനങ്ങളുണ്ടാക്കുന്നത് എച്ച്.എ.എല്‍ ആണ്. എന്നാല്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നും റഫാല്‍ മോദി എടുത്തു മാറ്റി അദ്ദേഹത്തിന്റെ സുഹൃത്തിന് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. മൂന്നു ചോദ്യങ്ങളാണ് മോദിയോട് ഞങ്ങള്‍ ചോദിച്ചത്. 1. എന്ത് അടിസ്ഥാനത്തിലാണ് എച്ച്.എ.എല്ലില്‍ നിന്നും കരാര്‍ എടുത്ത് മാറ്റി സ്വന്തം സുഹൃത്തിന് നല്‍കിയത്? എന്തു കൊണ്ട് ബംഗളൂരുവിലെ യുവാക്കളുടെ ഭാവി ഇല്ലാതാക്കി സ്വന്തം സുഹൃത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു?. 2. നിങ്ങളുണ്ടാക്കിയ കരാറില്‍ വിമാനത്തിന്റെ വില കൂടിയോ, കുറഞ്ഞോ?. 3. നിങ്ങള്‍ പാരീസില്‍ കരാറുണ്ടാക്കുമ്പോള്‍ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍പിടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് കരാറുണ്ടാക്കാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നോ?. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ മോദി ഒരു മണിക്കൂര്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു. പക്ഷേ ഒരു വാക്കു പോലും റഫാല്‍ ഇടപാടിനെ കുറിച്ച് മിണ്ടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. മോദിജി അഴിമതിയെ കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍ നേരത്തെ ഭരണം നടത്തിയിരുന്ന ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് ഭേദിച്ചവരാണെന്നും യദ്യൂരപ്പയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു. നാലു ദിവസത്തെ കര്‍ണാടക പര്യടനത്തിനെത്തിയ രാഹുല്‍ ബെല്ലാരി, കൊപ്പാള്‍, റെയ്ച്ചൂര്‍, കലബുറഗി, ബിദാര്‍ ജില്ലകളില്‍ റാലികളിലും റോഡ് ഷോയിലും കര്‍ഷകരുമായുള്ള സംവാദത്തിലും പങ്കെടുക്കുന്നുണ്ട്.

chandrika: