X

രാഹുൽ ഗാന്ധി വയനാട് കലക്ടറേറ്റിലെത്തി; എംപിയെ കാണാൻ നിവേദക സംഘം, പ്രാദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ  രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് റോഡ് ഷോ  നടത്തുന്നത്. രാവിലെ 9.20 കൽപറ്റ റെസ്റ്റ് ഹൗസിൽ നിന്നുമിറങ്ങിയ രാഹുൽ ഗാന്ധി 9.30ഓടെ വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫീസിൽ എത്തി. ഇവിടെ പ്രദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നിവേദനങ്ങളും ഏറ്റുവാങ്ങും. 20 സംഘങ്ങളായാണ് നിവേദനം നൽകാനുള്ളവര്‍ എത്തിയിട്ടുള്ളത്. 

തുടർന്ന് ആറിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്‍റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ സുരക്ഷാവലയത്തിലാകും യാത്ര. പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാകും വിധമാണ് എംപിയുടെ സന്ദര്‍ശനമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. 

ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആള്‍ക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാന്‍ തിരുവാലിയില്‍ ഒത്തുകൂടിയത്.

chandrika: