ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അമിത് ഷായെപ്പോലുള്ളവരെ ഒരിക്കല്‍ സത്യം കീഴടക്കും. അതാണ് സത്യത്തിന്റെ രീതിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയോട് വിയോജിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കുറിച്ച് നീതി പൂര്‍വകമായ അന്വേഷണം വേണം. കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാജമായ രാഷ്ടീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ദുഃഖകരമായ ഒരു ദിവസമാണിത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു സ്വതന്ത്രാന്വേഷണത്തിലൂടെ ലോയയുടെ മരണത്തിലെ സത്യാവസ്ഥ ഒരിക്കല്‍ പുറത്തുവരും. സ്വാഭാവിക മരണമാണെങ്കില്‍ അധികാരത്തിലിരിക്കുന്നവര്‍ എന്താണ് അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുന്നതെന്നും സ്വതന്ത്രാന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കണം അദ്ദേഹം പറഞ്ഞു.
Be the first to write a comment.