X
    Categories: CultureMoreViews

ജനവിരോധിയായ മോദി ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

New Delhi: Congress President Rahul Gandhi addresses during 'Jan Akrosh Rally', in New Delhi on Sunday. PTI Photo by Arun Sharma (PTI4_29_2018_000049B)

ന്യൂഡല്‍ഹി: ജനവിരോധിയായ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ്-ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുമ്പോള്‍ മോദി നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന ആക്രോശ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അജണ്ടയുമില്ലാതെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം അവസാനിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ചൈനീസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയില്‍ ദോക്‌ലാമിനെ കുറിച്ച് ഒരു വാക്കുപോലും മോദി മിണ്ടിയിട്ടില്ല. ചൈന ദോക്‌ലാമില്‍ ഹെലിപാഡും വിമാനത്താവളവും പണിയുമ്പോള്‍ അതിനെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ചൈനയില്‍ പോയി ചായ കുടിച്ച് മടങ്ങിയ മോദി എന്ത് പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ ചോദിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിദേശ മണ്ണില്‍ പോയി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഉന്നാവില്‍ ബി.ജെ.പിക്കാരാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജമ്മു കശ്മീരിലെ കഠ്‌വയിലും ബി.ജെ.പിയുടെ ആളുകള്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നു. എന്നിട്ടും ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരയാടിയില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.

കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും 60 മാസം കൊണ്ട് എല്ലാം ശരിയാക്കുമെന്നും പറഞ്ഞാണ് മോദി അധികാരത്തില്‍ കയറിയത്. എന്നിട്ടെന്തായി? ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസ് സ്‌നേഹത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും സുരക്ഷ നല്‍കാനായി എന്നതാണ് കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ നേട്ടമെന്നും രാഹുല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: