ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണം മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി നടന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമരത്തില്‍ പങ്കെടുത്തു.

വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്.
ഇ. അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. കൂടാതെ എം.പിമാരെ അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ പ്രതിഷേധിച്ചു.

ബജറ്റ്‌ സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പാര്‍ലമെന്റിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റി. ആസ്പത്രിയിലെത്തില്‍ വെച്ച് മക്കളെ കാണാന്‍ അനുവദിക്കാതിരുന്ന അധികൃതരുടെ നിലപാട് പ്രതിഷേധത്തിനിടയാക്കിയിരുന്നു.