ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി സ്വന്തം പ്രതിച്ഛായയുടെ തടവിലകപ്പെട്ട പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ പറഞ്ഞു. ടിആര്‍പി റേറ്റിങ് നോക്കിയാണ് മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. സോണിയാഗാന്ധിയുടെ അഭാവത്തില്‍ നടന്ന കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെപ്പോലെയൊരു പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന് നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയും പൊങ്ങച്ചവും കാരണം അടിക്കടി നഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് രാജ്യമെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന അനുഭവസമ്പത്തുള്ള ആളുകളുടെ അഭിപ്രായങ്ങളെ മറികടന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിനെതിരെ ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല. കാശ്മീരില്‍ വലിയ രാഷ്ട്രീയ ശൂന്യതയാണ് മോദി സൃഷ്ടിച്ചത്. അതാണ് ഭീകരര്‍ക്ക് അവിടെ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കിയത്. കാശ്മീര്‍ കത്തിക്കൊണ്ടിരുന്നപ്പോള്‍ മൗനം പാലിച്ചയാള്‍ ഇപ്പോള്‍ തങ്ങളെ അധിക്ഷേപിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.