X

രാഹുല്‍ വയനാട്ടിലേക്ക്; തീരുമാനം ഇന്ന്

പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

പരമ്പരാഗത മണ്ഡലമായ അമേഠിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍നിന്ന് രാഹുല്‍ ഇത്തവണ ജനവിധി തേടുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരള പി.സി.സികള്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ച് ഔദ്യോഗികമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ വയനാട്ടില്‍നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വന്‍ ആവേശത്തോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ നീക്കത്തെ വയനാട് കേരളം പൊതുവിലും വയനാട് മണ്ഡലം പ്രത്യേകിച്ചും സ്വാഗതം ചെയ്തത്. ഒപ്പം സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങളില്‍ രാഹുലിന്റെ നീക്കം അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ബിദാര്‍ മണ്ഡലമാണ് കര്‍ണാടക പി.സി.സി രാഹുലിനായി നിര്‍ദേശിച്ചിരുന്നത്. ശിവഗംഗ മണ്ഡലമാണ് തമിഴ്‌നാട് പി.സി.സി നിര്‍ദേശിച്ചത്. എന്നാല്‍ ദക്ഷിണേന്ത്യയുടെ ഏറ്റവും അറ്റത്തുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളവും കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമാടി അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്ന നിലയിലും വയനാടും കോണ്‍ഗ്രസ് നേതൃത്വം രാഹുലിനായി പരിഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്ന് എന്ന തലക്കെട്ടിലാണ് യു.ഡി.എഫ് ക്യാമ്പുകളില്‍ പ്രചാരണം കൊണ്ടുപിടിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ മിക്ക മലയാള പത്രങ്ങളിലും ഇത്തരമൊരു ധ്വനി പ്രകടമായിരുന്നു. മാത്രമല്ല, രാഹുലിന്റെ വരവിനെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കേരളത്തില്‍ യു.ഡി.എഫിനും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍കൊള്ളുന്ന ഡി.എം.കെ സഖ്യത്തിനും കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിനും വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. രാഹുല്‍ സ്ഥാനാര്‍ത്ഥി ആയി എത്തുകയാണെങ്കില്‍ ഈ ഊര്‍ജ്ജം പാരമ്യത്തിലെത്തുമെന്നും ദക്ഷിണേന്ത്യയാകെ രാഹുല്‍ – കോണ്‍ഗ്രസ് തരംഗത്തിന് വഴിമാറുമെന്നുമാണ് വിലയിരുത്തല്‍.

chandrika: