X

ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകര്‍ത്തത് രാഹുലിന്റെ പ്രചാരണം

മൂന്ന് പതിറ്റാണ്ടിനൊടുവില്‍ ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ച് കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ, ഐക്കണ്‍ നേതാവോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ സംസ്ഥാന കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശക്തിയില്‍ അപ്രതീക്ഷിതവിജയമാണ്  ഉണ്ടായിരിക്കുന്നത്.
ഇതോടെ ബിജെപിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ ഒരാളായ രമണ്‍സിംഗാണ് ഛത്തീസ്ഗഢില്‍ വീണത്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്‍ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്‍ ഏതാണ്ട് പതിനഞ്ച് വര്‍ഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാല്‍ ഇത്തവണ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ബിജെപിക്ക് നഷ്ടമാവുകയായിരുന്നു.

ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. എന്നാല്‍ ഇതിനകം 61 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിക്കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള പ്രചാരണത്തില്‍ സഖ്യങ്ങളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 90 സീറ്റുകളിലും ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ മത്സരിച്ചായിരുന്നു പോരാട്ടം.

അതേസമയം സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുഖമായിരുന്ന അജിത് ജോഗി ഇത്തവണ സ്വന്തം പാര്‍ട്ടിയുമായി ബി.എസ്പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്. 2000 മുതല്‍ 2003 വരെ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായിരുന്ന ജോഗി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് രൂപീകരിക്കുകയും മായാവതിയുമായും ഇടതുപാര്‍ട്ടികളുമായും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഐക്കണ്‍ നേതാവ് പോലുമില്ലാത്ത ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മായാവതിയും ഇടതുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ഈ സഖ്യം പിടിച്ചെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാമ്പ്യന്‍ ചൂടുപിടിക്കവേയാണ് ബി.ജെ.പി ക്യാമ്പിനെയും ഇടതുസഖ്യത്തേയും വിറപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനമുണ്ടായത്.

മുന്നണികളുടെ വോട്ടുവിഹിതം

2003 മുതല്‍ ഛത്തീസ്ഗഢില്‍ ഏതാണ്ട് 73% പോളിംഗ് നടക്കാറുണ്ട്. 2003-ല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം 2.6% മാത്രമായിരുന്നു. ആ വ്യത്യാസം ചുരുങ്ങുച്ചുരുങ്ങി ഒടുവില്‍ 2013-ല്‍ വോട്ട് വിഹിതത്തിന്റെ വ്യത്യാസം വെറും 75% ത്തിലും താഴെയായി. അതായത് ഒരു ശതമാനം പോലും വ്യത്യാസമില്ല. എങ്കിലും തെരഞ്ഞെടുപ്പ് തന്ത്രവും കോണ്‍ഗ്രസിനുണ്ടായ പാടവ കുറവും മൂലം ബിജെപി ഛത്തീസ്ഗഡ് പിടിച്ചെടുക്കുകയായിരുന്നു

ഛത്തീസ്ഗഡില്‍ ഐക്കണായി രാഹുല്‍ ഗാന്ധി

വോട്ട് വിഹിതത്തിലെല്ല കാര്യം എന്ന അറിവോടെയാണ് ഇത്തവണ കോണ്‍ഗ്രസ് ഇറങ്ങിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കിയും സീറ്റാക്കിയും മാറ്റാനുമുള്ള പാടവത്തിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെറ്റ് ഇത്തവണ കോണ്‍ഗ്രസ് ആവര്‍ത്തിച്ചില്ല. നോട്ട് നിരോധനവും കര്‍ഷകപ്രശ്‌നങ്ങളും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. ഇതെല്ലാം സജീവപ്രചാരണവിഷയങ്ങളായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസിന്റെ ഗ്രാഫ് ഉയരുകയായിരുന്നു.
അഴിമതിക്കഥകളും കാര്‍ഷികപ്രതിസന്ധിയും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രചാരണം വോട്ടായി പെട്ടിയില്‍ വീണെന്ന് തെളിയിക്കുകയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ.സി.സി) എന്ന തന്റെ പാര്‍ട്ടിയും ബി.എസ്.പിയും ഇടതു പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ ആവുന്നത്ര സീറ്റുകള്‍ പിടിച്ച് നിയമസഭയില്‍ കിങ് മേക്കറാകുകയായിരുന്നു അജിത് ജോഗി ലക്ഷ്യമിട്ടത്. ബിജെപിക്ക് അനുകൂലവും കോണ്‍ഗ്രസിന് പ്രഹരവുമാവുമെന്ന് കരുതിയ ഈ സംഖ്യത്തിന് എന്നാല്‍ രാഹുല്‍ തരംഗത്തിന് മുന്നില്‍ വെല്ലുവിളിയുയുര്‍ത്താനായില്ല.

വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിന് സ്വന്തം നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇനി ഒരു ബുദ്ധിമുട്ടുമില്ല. ഒരു ഐക്കണ്‍ പോലുമില്ലാതെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഇത്തവണ എല്ലാം രാഹുലായിരുന്നു.

 

chandrika: