മോദി സര്‍ക്കാറിന്റെ റാഫാല്‍ ഇടപാടില്‍ വീണ്ടും ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ വീണ്ടും റഫാല്‍ ഇടപാടില്‍ ആരോപണം ഉയര്‍ത്തിയത്.

വിവാദ ഇടപാടില്‍ പറ്റില്‍ തെറ്റുകള്‍ വരുത്തിയതില്‍ ബിജെപി നേതാക്കള്‍ അവരുടെ മനസില്‍ ഇപ്പോള്‍ കുറ്റബോധം കൊണ്ടുനടക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആദ്യത്തെ റാഫേല്‍ യുദ്ധവിമാനം സ്വീകരിക്കുന്നതിനായി കീഴ്‌നടപ്പിലാത്ത രീതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരിട്ട് ഫ്രാന്‍സ് സന്ദര്‍ശനം നടത്തിയതിനെ ഉദ്ദേശ്യച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍.

‘റാഫേല്‍ കരാര്‍ ഇപ്പോഴും ബിജെപിയെ വേദനിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് രാജ്‌നാഥ് സിംഗ് ആദ്യത്തെ യുദ്ധവിമാനം സ്വീകരിക്കാന്‍ ഫ്രാന്‍സിലേക്ക് പോയത്?’ അദ്ദേഹം സദസ്സിനോട് ചോദിച്ചു. മുംബൈയിലെ ചാന്ദിവാലി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ നസീം ഖാന്‍ വേണ്ടി നടന്ന വോട്ടെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ശിവസേനയുടെ ദിലീപ് ലാന്‍ഡെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ഹരിയാനയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ബ്രിട്ടീഷുകാരെപ്പോലെ ആളുകളെ പരസ്പരം ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ആളുകളെ പരസ്പരം ഒന്നിപ്പിക്കുകയാണെന്നും എന്നാല്‍ ബി.ജെ.പി ആളുകളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുകയാണും രാഹുല്‍ ആരോപിച്ചു. ഭിന്നിപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ അവര്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയെ നിങ്ങള്‍ക്ക് ട്രംപിനും അംബാനിക്കുമൊപ്പം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കര്‍ഷകര്‍ക്കൊപ്പം മോദിയെ ഒരിക്കലും കാണാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളുടെ കയ്യിലുള്ള പണം എടുത്ത് പണക്കാരായ തന്റെ പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യുകയാണ് മോദി. അവര്‍ക്ക് വേണ്ടി മാത്രമാണ് മോദി സംസാരിക്കുന്നത്. ബിജെപി യഥാര്‍ത്ഥ ദേശീയവാദത്തിന്റെ വ്യക്താക്കളാണെങ്കില്‍, എന്തിനാണ് സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍, നിങ്ങള്‍ ദരിദ്രരുടെയും കര്‍ഷകരുടെയും കീശകളില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്, അതിനാലാണ് ഞങ്ങള്‍ ന്യായ് യോജന നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധി പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപിച്ചിരുന്നു.