X
    Categories: indiaNews

രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ കൂടി: മോദിയുടെ കുറഞ്ഞു- സര്‍വേ ഫലം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ വര്‍ധിച്ചതായി അഭിപ്രായസര്‍വേ ഫലം. 2019ല്‍ 24 ഉണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി ഉയര്‍ന്നെന്ന് എന്‍ഡിടിവി നടത്തിയ സര്‍വേയില്‍ വ്യക്തമായി. ഭാരത് ജോഡോ യാത്രയും ജനങ്ങളുമായി ഇടപഴകിയതുമാണ് രാഹുലിനെ ജനപ്രിയനാക്കിയത്. അതേസമയം മോദിക്ക് തന്നെയാണ് ഇപ്പോഴും രാജ്യത്ത് ജനപ്രിയത കൂടുതലെന്ന് സര്‍വേ പറയുന്നു. കര്‍ണാടക നിയമസഭാഫലം ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് സര്‍വേ പറയുന്നു. 43 ശതമാനം പേര്‍ മോദിയാണ് അടുത്ത തവണ വീണ്ടും പ്രധാനമന്ത്രിയാകുകയെന്ന് പറഞ്ഞതായും അദാനിയുടെ ചാനലായ എന്‍ഡിടിവി പറയുന്നു. നേരത്തെ 44 ഉണ്ടായിരുന്നതാണ് മോദിക്ക് ഒരുശതമാനം കുറഞ്ഞത്.
മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനുമാണ് തൊട്ടടുത്ത് പ്രധാനമന്ത്രിപദത്തിന് ജനങ്ങളുടെ പിന്തുണയെന്നും ഫലം വ്യക്തമാക്കുന്നു.
ആരെയും ഇഷ്ടപ്പെടാത്തവരുടെ എണ്ണം 25 ശതമാനമാണ്. കോണ്‍ഗ്രസിന്റെ വോട്ട് അനുപാതം 19ല്‍നിന്ന് 29 ആയി ഉയര്‍ന്നപ്പോള്‍ ബി.ജെ.പിയുടേത് 2 ശതമാനം മാത്രമാണ് വര്‍ധിച്ചത്- 39 ശതമാനം.
അടുത്ത പ്രധാനമന്ത്രിയായി മോദിയെ നേരിടാന്‍ ശേഷിയുള്ളത് രാഹുല്‍ഗാന്ധിക്കാണെന്ന് 34 ശതമാനം പേര്‍ പറയുന്നു. കെജ്രിവാളാണ് മൂന്നാംസ്ഥാനത്ത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 27 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി. 38 ശതമാനം പേര്‍ക്ക് മാത്രമേ ചെറിയ തൃപ്തിയുള്ളൂ.
ലോക്‌നീതി -സിഡിഎസ് കൂട്ടായ്മയാണ് 7202 പേരിലായി സര്‍വേ നടത്തിയത്. രാജ്യത്തെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സര്‍വേയെന്ന് ചാനല്‍ പറയുന്നു.

Chandrika Web: