കൊച്ചി: ഇന്ന് മുതല്‍ ജൂലൈ 11 വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും അറിയിച്ചു. കേരളത്തില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ (കോഴിക്കോട്, വയനാട്) ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.