X
    Categories: CultureNewsViews

എറണാകുളത്ത് നിന്ന് ആശ്വാസ വാര്‍ത്ത; മഴ കുറയുന്നു, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങുന്നു

കൊച്ചി: ഇന്ന് രാവിലെ ഏഴു മണി മുതലുള്ള മൂന്നു മണിക്കൂറില്‍ എറണാകുളം ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൂവാറ്റുപുഴ പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തില്‍ ദുരിതാശ്വാസ വസ്തുക്കളുടെ സ്വീകരണ കേന്ദ്രം തുറന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യുവജനക്ഷേമ ബോര്‍ഡ് പരിശീലനം നല്‍കിയ കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ സേവന സന്നദ്ധരായി ദുരിതാശ്വാസ രംഗത്തിറങ്ങിയിട്ടുണ്ട്. 20 പേരാണ് ഇപ്പോഴുള്ളത്. പരിശീലനം ലഭിച്ച 89 വളണ്ടിയര്‍മാരാണ് ജില്ലയിലുള്ളത്.

പാതാളം വ്യാവസായിക മേഖലയിലേക്ക് ലോഡുമായി വന്ന ട്രക്കിന്റെ െ്രെഡവര്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ശരവണനെ (45) കമ്പനിയുടെ പുറകിലുള്ള മാലിന്യക്കുഴിയില്‍ ആഗസ്റ്റ് 9ന് രാത്രി അവശനിലയില്‍ കണ്ടെത്തി. അഗ്‌നിശമന സേന ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളപ്പൊക്കവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. എല്ലാ ക്യാമ്പുകളിലും ഓരോ സിവില്‍ പോലീസ് ഓഫീസര്‍ വീതം 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ സ്ത്രീകളുള്ള ക്യാമ്പുകളില്‍ വനിത പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മസ്യത്തൊഴിലാളികളെ എത്തിക്കുന്നതിന് മത്സ്യ ബന്ധന വകുപ്പ് 16 യാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തൃക്കാക്കര, ആലുവ പ്രദേശങ്ങളിലേക്ക് മൂന്നു വീതവും പറവൂര്‍, ഏലൂര്‍ പ്രദേശങ്ങളിലേക്ക് അഞ്ചു വീതവും യാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതുവരെ തീരദേശ മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വൈദ്യുതി തടസമില്ലാതിരിക്കാന്‍ വേണ്ട നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നതിനനുസരിച്ച് ഫീഡറുകള്‍ ഓഫ് ചെയ്യുകയും വെള്ളമിറങ്ങുന്ന മുറയ്ക്ക് അവ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ടാങ്കറും െ്രെഡവറെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പൈപ്പ് ലൈനുകള്‍ വഴിയുള്ള സാധാരണ ജലവിതരണവും നടത്തുന്നുണ്ട്. ആലുവ, പെരുമാനൂര്‍, തമ്മനം പമ്പ് ഹൗസുകളില്‍ നിന്നും മരട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുമാണ് വെള്ളം ലഭ്യമാക്കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയതായി ആര്‍ ടി ഒ അറിയിച്ചു. ടോറസ്, ജെസിബി തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഒരു എം വി ഐ, മൂന്നു വീതം എ എം വി ഐ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ക്യാമ്പുകളിലാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാവേലി സ്‌റ്റോറുകള്‍ വഴി അതത് വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: