ഹൈദരാബാദ്: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ അതിനുമുമ്പായി പൂര്‍ത്തിയാക്കുമെന്നും ഷാ വ്യക്തമാക്കി. ഹൈദരാബാദില്‍ ബി.ജെ.പിയുടെ തെലങ്കാന സംസ്ഥാന യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കളുമായി  സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.

ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരെല ശേഖര്‍ജീയാണ് യോഗ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. തെലുങ്കാനയില്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷാ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ വന്‍ തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയതായാണ് വിവരം. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ബിജെപിയുടെ ഏറെക്കാലമായുള്ള രാഷ്ടീയ അടവുനയമായി തുടരുകയാണ്.

അയോധ്യയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന വെല്ലുവിളിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.