തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ഇ.എം.സി.സി ഇടപാടിന്റെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി ധാരണാപത്രം പുറത്തുവിടാന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ അദ്ദേഹം വെല്ലുവിളിച്ചു.

ഇത്രയുംദിവസം ഒളിച്ചുകളിച്ച മന്ത്രി ഇപ്പോള്‍ ഫയല്‍ ഉണ്ടെന്നാണ് പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ ഫയല്‍ കേരള ജനതയ്ക്ക് മുന്നില്‍ വെയ്ക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരായ എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നയിക്കുന്ന യുഡിഎഫിന്റെ തെക്കന്‍മേഖല തീരദേശ ജാഥയുടെ ആദ്യദിവസത്തെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.