X

റാമോസ്; പോര്‍ച്ചുഗലിന്റെ പുതിയ യുഗപ്പിറവിയോ ?

ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ 6-1ന് പരാജയപ്പെടുത്തിയതിനേക്കാളും മത്സരം തുടങ്ങും മുമ്പ് പ്ലേയിങ് ഇലവന്‍ കണ്ടായിരിക്കും ഏവരും ഒരു നിമിഷം ഞെട്ടിയിരിക്കുക. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു 21കാരനെ. രാജ്യാന്തര തലത്തില്‍ വെറും നാലാം മത്സരം കളിക്കുന്ന താരത്തെ (നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചത് വെറും പത്ത് മിനിറ്റ്.)

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഖ്യതാരമാക്കി ഇറക്കിയത് അമ്പരപ്പോടെ കണ്ടവര്‍ക്ക് ഗോണ്‍സാലോ റാമോസ് 17ാം മിനിറ്റില്‍ സ്വിസ്സ് വല കുലുക്കി മറുപടി നല്‍കി. രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍. ഒടുവില്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തം പേരില്‍. ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരനായി പോര്‍ച്ചുഗല്‍ ടീമില്‍ ആരു വരുമെന്ന വലിയ ചോദ്യത്തിനും അങ്ങിനെ ഉത്തരമായി. രാജ്യാന്തര ഫുട്‌ബോളില്‍ വെറും 35 മിനുറ്റ് മാത്രം അനുഭവ സമ്പത്തുമായി പരിശീലകനേല്‍പ്പിച്ച വലിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഇങ്ങനെയൊരു പര്യവസാനം റാമോസ് പോലും കരുതിയിരിക്കില്ല. ലോകകപ്പിനായുള്ള സന്നാഹ മത്സരത്തില്‍ നവംബര്‍ 17ന് നൈജീരിയക്കെതിരെയാണ് റാമോസിന്റെ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും. റാമോസിന്‌റെ ഗോള്‍ പോര്‍ച്ചുഗലിന് ആദ്യ ലീഡ് നല്‍കിയെങ്കിലും ആഘോഷത്തില്‍ പങ്കാളിയാകാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയില്ലെന്നത് ശ്രദ്ധേയം. എന്നാല്‍ പെപ്പെ നേടിയ രണ്ടാം ഗോള്‍ ആഘോഷിക്കാന്‍ സി.ആര്‍ സെവന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. രണ്ടാം പകുതിയില്‍ റാമോസിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ ആഘോഷത്തിലായിരുന്നു റൊണാള്‍ഡോ. 72ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്കായി കളം വിടും മുമ്പ് ഖത്തറിലെ ആദ്യ ഹാട്രിക്കുമായി ചരിത്രം കുറിച്ചിരുന്നു റാമോസ്.

ബെന്‍ഫിക്ക യൂത്ത് സിസ്റ്റത്തിലൂടെ 12ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ചുവടുവെച്ചതാരം, 2019 ല്‍ ബെന്‍ഫിക്ക ബി ടീമിലും 2020 ല്‍ സീനിയര്‍ ടീമിലും ഇടംപിടിച്ചു. അണ്ടര്‍ 17, അണ്ടര്‍ 18, അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 പോര്‍ച്ചുഗീസ് ടീമില്‍ അംഗമായിരുന്നു. നോക്കൗട്ട് റൗണ്ടില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരവുമാണ് റാമോസ്. 1966 ല്‍ ഉത്തര കൊറിയക്കെതിരെ യൂസേബിയോ ആണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയത്. 1958 സെമിയില്‍ സാക്ഷാല്‍ പെലെ 17 വയസും 249 ദിവസവും പ്രായമുള്ളപ്പോള്‍ ഹാട്രിക് നേടിയ ശേഷം നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും 2002 ല്‍ മിറോസ്ലാവ് ക്ലോസെക്കു ശേഷം ആദ്യ മത്സരത്തില്‍ ഹാട്രിക്കെന്ന ബഹുമതിയും റാമോസ് സ്വന്തം പേരിലാക്കി. റാമോസിനു പുറമെ പെപെ, റാഫേല്‍ ഗ്വരീരോ, റാഫേല്‍ ലിയാവോ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്വിസ് വല ചലിപ്പിച്ചത്. അകന്‍ജിയിലൂടെയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍.

web desk 3: