kerala

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമേറ്റ് റസൂല്‍ പൂക്കുട്ടി; ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിഷമമെന്ന് മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍

By webdesk18

November 02, 2025

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവും ശബ്ദസംവിധായകനുമായ റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുത്ത ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ വ്യക്തമാക്കി.

പുതിയ ഭരണസമിതിയെ നിയമിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ചുമതല കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തേനെയെന്നും പ്രേംകുമാര്‍ പറഞ്ഞു.

‘മാറ്റം സര്‍ക്കാരിന്റെ തീരുമാനമാണ്. എന്നെ നിയോഗിച്ചത് സര്‍ക്കാരാണ്, അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഉചിതമായ തീരുമാനമെടുക്കാം. അന്താരാഷ്ട്ര പ്രശസ്തനായ ചലച്ചിത്രകാരനെയാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനെ സ്വാഗതം ചെയ്യേണ്ടതാണ്,” പ്രേംകുമാര്‍ പറഞ്ഞു.

റസൂല്‍ പൂക്കുട്ടി ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ.് ”അദ്ദേഹത്തെ നിയമിച്ചതും സ്ഥാനമേറ്റെടുത്തതും സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ല. ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പങ്കെടുക്കാനായില്ല എന്നതില്‍ വിഷമമുണ്ട്, പക്ഷേ പരാതിയോ പരിഭവമോ ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

”റസൂല്‍ പൂക്കുട്ടിയുടെ വരവ് അക്കാദമിക്ക് ഗുണം ചെയ്യും. സര്‍ക്കാരിന്റെ വിവേചനാധികാരമാണ് പുതിയ നിയമനവും ക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും. എനിക്ക് ഏല്‍പ്പിച്ച ചുമതലകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറ്റത്തിന് രാഷ്ട്രീയകാരണമില്ലെന്നും, ”അറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്നതാണ് എന്റെ വിഷമം,” എന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

റസൂല്‍ പൂക്കുട്ടി ചുമതലയേറ്റപ്പോള്‍ ആദ്യമായി തന്നെ തനിക്കാണ് വിളിച്ചതെന്ന് പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.