X

മുട്ടുമടക്കി; കര്‍ഷകരുമായി നാളെ തന്നെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയ വേളയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള വഴികള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സോണിപത്, റോഹ്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹപൂര്‍, മഥുര എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മാര്‍ഗം തടസ്സപ്പെടുത്തും എന്നാണ് കര്‍ഷകര്‍ മു്ന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

ബുറാഡി പാര്‍ക്കില്‍ പ്രതിഷേധമിരിക്കാനാണ് സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ക്ക് തുറന്ന ജയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 കര്‍ഷക സംഘടനകളാണ് സമരത്തിനിരിക്കുന്ന്. രണ്ടു മാസം മുമ്പെ ആസൂത്രണം ചെയ്ത പ്രതിഷേധത്തില്‍ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. അഞ്ചൂറിലേറെ കര്‍ഷക സംഘടനകളുടെ പിന്തുണ സമരത്തിനുണ്ട്.

അതിനിടെ, കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കാനാണ്. അവരുടെ മുമ്പില്‍ വലിയ വിപണികള്‍ തുറക്കുകയാണ്. ഭാവിയെ കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുകയാണ് ചിലര്‍. കര്‍ഷകരെ വിഞ്ചിച്ചവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്- വാരാണസിയില്‍ മോദി പറഞ്ഞു.

 

 

Test User: