X

വിമതനാഥന്‍-പ്രതിഛായ

പേരില്‍ ഏകനാഥ് എന്നുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയായ ശിവസേനയില്‍ ഇപ്പോള്‍ ഏകനല്ല ഏകനാഥ് ഷിന്‍ഡെ. മഹാരാഷ്ട്രയിലെ മതേതര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയില്‍നിന്ന് അച്ചാരം വാങ്ങിയയാളെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആരോപിക്കുമ്പോഴും തെല്ലും കൂസലില്ല ഈ അമ്പത്തെട്ടുകാരന്. മുന്‍ ശിവസേനാതലവന്‍ ബാല്‍താക്കറെയുടെ പുത്രന്‍ ഉദ്ദവ് താക്കറെയോടാണ് പാര്‍ട്ടിയിലെ രണ്ടാമനെന്നറിയപ്പെടുന്ന ഷിന്‍ഡെ പോരിനിറങ്ങിയിരിക്കുന്നത്. 56 നിയമസഭാംഗങ്ങളില്‍ 40 ഓളം പേരുടെ പിന്തുണയുണ്ടെന്നവകാശപ്പെടുന്ന ഷിന്‍ഡെ കാത്തിരുന്ന ഉപമുഖ്യമന്ത്രി പദമാണ് ബി.ജെ.പി ഇപ്പോള്‍ വെച്ചുനീട്ടിയിരിക്കുന്നത്. വിമത എം.എല്‍.എമാരുമായി ബി.ജെ.പി ഭരിക്കുന്ന അസമിലേക്കാണ് ഷിന്‍ഡെ പോയത്. അവിടെ ആഢംബര ഹോട്ടലില്‍ ചര്‍ച്ചയും തീറ്റയും വിശ്രമവും. അമിത്ഷായും ജെ.പി നഡ്ഡയും പറയുമ്പോള്‍ തിരികെ മുംബൈയിലേക്ക് വണ്ടി കയറിയാല്‍മതി. സംസ്ഥാന ഗവര്‍ണര്‍ എന്നോ റെഡി. മതേതര സര്‍ക്കാരിനെ പൊളിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വര്‍ഗീയ സര്‍ക്കാരുണ്ടാക്കിത്തരും. അതിലൂടെ ഷിന്‍ഡെയുടെ അധികാരമോഹവും നടക്കും, ബി.ജെ.പിക്ക് മറ്റൊരു സംസ്ഥാന സര്‍ക്കാരുണ്ടാക്കുകയും ചെയ്യാം.

കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം ശിവസേനയുമായിചേര്‍ന്ന് ബി.ജെ.പിക്കെതിരെ സഖ്യമുണ്ടാക്കിയവരാണ് സംസ്ഥാനത്തെ മറ്റ് രണ്ടു പ്രമുഖകക്ഷികളായ എന്‍.സി.പിയും കോണ്‍ഗ്രസും. മഹാരാഷ്്ട്ര മഹാസഖ്യമെന്നാണതിന്റെ പേര്. അതിനെ തള്ളിയിടാന്‍ ബി.ജെ.പി പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഇപ്പോഴാണ് ഒത്തുവന്നത്. കോടികള്‍ ഇതിനായി ചെലവിട്ടു. ‘ഓപ്പറേഷന്‍ താമര’ പലസംസ്ഥാനങ്ങളിലും ഇങ്ങനെ പയറ്റി വിജയിച്ചതാണെന്നതിനാല്‍ മഹാരാഷ്ട്രയില്‍ അത് വിജയിക്കാതിരിക്കാന്‍ തരമില്ല. രാത്രിയും പകലുമായി കാലമേറെ ശ്രമിച്ച ശേഷമാണ് എല്ലാമൊന്ന് ഒത്തുവന്നിരിക്കുന്നത്. എന്തു ചെയ്യാന്‍ പക്ഷേ ഉദ്ദവിനെ തള്ളിപ്പറയാന്‍ മിക്ക എം.എല്‍.എമാരും പരസ്യമായി തയ്യാറാകുന്നില്ല എന്നതുകൊണ്ടാണ് ഷിന്‍ഡെയുടെയും ബി.ജെ.പിയുടെയും പൂതി അവിടെത്തന്നെ നില്‍ക്കുന്നത്.

ഉദ്ദവ് മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പുമന്ത്രിയാണ് ഷിന്‍ഡെ. മുമ്പ് ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിലും ഇതേ വകുപ്പാണ് കൈകാര്യം ചെയ്തത്. 2019ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുമായി ചേര്‍ന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം മാത്രമേ കിട്ടുകയുള്ളൂവെന്നതിനാല്‍ ഉദ്ദവും ഷിന്‍ഡെയും കോണ്‍ഗ്രസ്-എന്‍.സി.പിക്കൊത്ത്് കളം മാറ്റിച്ചവിട്ടുകയായിരുന്നു. അതിനെയാണ് ഷിന്‍ഡെ ഇപ്പോള്‍ പൊളിക്കാനൊരുങ്ങിയിരിക്കുന്നത്.

താനെയില്‍ ഓട്ടോറിക്ഷ ഓടിച്ചു നടന്നിരുന്ന ഷിന്‍ഡെയാണ് ഇന്ന് ഒരു സംസ്ഥാനത്തെ ഭരണത്തെതന്നെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനൊരുങ്ങുന്നതെന്നതാണ് കൗതുകകരം. താനെയില്‍നിന്ന് തുടര്‍ച്ചയായി നാലാം തവണ എം. എല്‍.എ. സതാറയില്‍നിന്ന് തൊഴില്‍ തേടി താനെയിലെത്തിയതാണ് ഷിന്‍ഡെയുടെ കുടുംബം. പതിനൊന്നാം ക്ലാസ് കഴിഞ്ഞതോടെ കൂലിവേലക്കായി പഠിത്തം നിര്‍ത്തി. കൂലിവേലയും ഓട്ടോയുമായി നടക്കുന്നതിനിടെ 1980ല്‍ ശിവസേനയില്‍ചേര്‍ന്നു. ബാല്‍താക്കറെയുടെ തീപ്പൊരി വര്‍ഗീയ പ്രസംഗങ്ങളാണ് ആകര്‍ഷിച്ചത്. താനെ ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തിയതിന് മുനിസിപ്പല്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവായി. 2014ല്‍ നിയമസഭയിലെയും പ്രതിപക്ഷ നേതാവ്. 2019ല്‍ നിയമസഭാപാര്‍ട്ടി നേതാവ്. ഇപ്പോഴിതാ ആ സ്ഥാനം ഉദ്ദവ് എടുത്തുകളഞ്ഞു. ഇടയ്ക്ക് ഉദ്ദവ്‌സര്‍ക്കാരില്‍ ആരോഗ്യ വകുപ്പും കൈകാര്യംചെയ്തു. കല്യാണില്‍നിന്നുള്ള പാര്‍ലമെന്റംഗം ശ്രീകാന്ത് ഷിന്‍ഡെ മകനാണ്. മറ്റു രണ്ടു മക്കള്‍ 2000ത്തില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. ഹിന്ദുത്വവും മണ്ണിന്റെ മക്കള്‍വാദവും പയറ്റുന്ന ശിവസേനയുടെ പുതിയ സര്‍ക്കാര്‍ വന്നാല്‍ അതിനെ ബി.ജെ.പി ഞെക്കിക്കൊല്ലുമോ നക്കിക്കൊല്ലുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. ഷിന്‍ഡെയുടെ ഭാവിയും അവരുടെ കൈകളിലാണ്.

Chandrika Web: