X

ലഹരിയില്‍ മയങ്ങുന്ന യുവത്വം-പി.കെ ഫിറോസ്

വളരെ വലിയ സന്തോഷത്തിലും സുഖത്തിലും കഴിയുന്നൊരു കുടുംബത്തില്‍ വളരെ പെട്ടെന്ന് അപ്പാടെയൊരു കരിനിഴല്‍ വീഴ്ത്താന്‍ ആ കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തിയായാല്‍ മതി. അയാള്‍ കുടുംബത്തിന് മാത്രമല്ല നാട്ടുകാര്‍ക്ക്കൂടി പൊതുശല്യമായി മാറും. പണം ലഹരിക്ക് വേണ്ടി മാത്രം ചെലവഴിക്കുമ്പോള്‍ കുടുംബം പട്ടിണിയില്‍ അകപ്പെടും. അവന്റെ രക്ത ബന്ധങ്ങള്‍ക്ക് പോലും നാട്ടുകാര്‍ അയിത്തം കല്‍പിക്കും. ഒടുക്കം ആ വീട്ടില്‍ മാത്രം വര്‍ഷം മുഴുവനും കണ്ണീര്‍ മഴയായിരിക്കും.നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം 2008 ല്‍ രജിസ്റ്റര്‍ ചെയ്തത് 508 കേസുകള്‍ മാത്രമായിരുന്നുവെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞു 2018 ല്‍ രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിനടുത്ത് കേസുകള്‍ ആണെന്നോര്‍ക്കണം. ഇതുമാത്രം മതി ലഹരി മാഫിയ എത്രമാത്രം വേഗത്തിലാണ് നാടിനെ പിടികൂടിയതെന്ന് മനസ്സിലാക്കാന്‍.

എണ്ണമറ്റ പേരുകളില്‍ ടണ്‍ കണക്കിനു ലഹരി പദാര്‍ഥങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. മാഫിയകള്‍ പ്രധാനമായും പിടിമുറുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമാണ്. കാരണം, ഈ ലഹരിയുടെ ഉന്മാദത്തം ഒരാളെ പിടികൂടുന്നത് അവധാനതയോടെയാണ്. അതിനു ഏറ്റവും അനുകൂലമായ പ്രായം കൗമാരവുമാണ്. ഇങ്ങനെ അവധാനതയോടെ ഒരാളുടെ ജീവിത ശൈലിയില്‍ കടന്നുകൂടിയ ലഹരി ഉപഭോഗ സംസ്‌കാരം പെട്ടെന്ന് പുറംതള്ളാനും സാധ്യമല്ല. ബുദ്ധിയും മനസ്സും ശരീരവും ചിന്തയും വളര്‍ച്ച പ്രാപിക്കുന്ന ഈ പ്രധാന കാലഘട്ടത്തില്‍ അവയുടെ വളര്‍ച്ച മുരടിപ്പിച്ച് ലഹരി കടന്നുകയറിയാല്‍ പിന്നെ സമൂഹത്തിനു ദോഷം മാത്രം വരുത്തിവെക്കുന്ന കൂട്ടങ്ങളില്‍ പെട്ടുപോകും. സമൂഹത്തിന്റെ നിര്‍മാണാത്മക പ്രവര്‍ത്തനത്തിന് പ്രധാനമായും വിനിയോഗിക്കേണ്ട യൗവ്വന മാനവ വിഭവ ശേഷി ഈ വിധം നിഷ്‌ക്രിയമാവുന്നു എന്നതിലുപരി അത് അക്രമ സ്വഭാവത്തോടെ തിരിച്ചടിക്കുകയും ചെയ്യുന്നു എന്നത് വളരെയേറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കോടിക്കണക്കിന് രൂപയുടെ നിര്‍മാണവും വിതരണ ശൃംഖലയും ഉപഭോഗ സമൂഹവും സമൂഹത്തില്‍ നിലവിലുണ്ട്. അതിനെ തടഞ്ഞുനിറുത്താന്‍ മാത്രം പര്യാപ്തമായ സര്‍ക്കാര്‍ മെഷിനറികള്‍ ഇല്ലെന്നതാണ് സത്യം. കുട്ടികളിലെ ലഹരി ഉപയോഗം തടയുക എന്നത് കൂടി ലക്ഷ്യം വെച്ചാണ് ‘ഓപ്പറേഷന്‍ കാവല്‍’ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. പക്ഷേ, അവരുടെയിടയിലെ ലഹരി ഉപയോഗം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.

ലഹരി തടയാന്‍ ശ്രമിക്കുന്നുവെന്ന് ഒരുവശത്ത് സര്‍ക്കാര്‍ കാപട്യം പറയുമ്പോള്‍ തന്നെ മറുവശത്ത് ലഹരി ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനം നല്‍കും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഘട്ടം ഘട്ടമായി മദ്യം പൂര്‍ണമായും ഇല്ലാതാക്കുന്ന മദ്യ വര്‍ജന നയമാണ് സര്‍ക്കാരിന്റേത് എന്ന് പറയുകയും എന്നാല്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുകയും ടെക്‌നോ പാര്‍ക്കിലും മറ്റും പബ്ബുകള്‍ വരെ അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി യു.ഡി.എഫ് കാലത്ത് 200 മീറ്റര്‍ ആക്കിയിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ അത് 50 മീറ്റര്‍ ആക്കി ചുരുക്കുകയാണ് ചെയ്തത്. മാത്രവുമല്ല പിടിക്കപ്പെടുന്ന ലഹരിയുടെ ഇരട്ടിയിലേറെ വില്‍ക്കപ്പെടുന്നുണ്ട്. അത് മറച്ചുവെക്കാന്‍ മാത്രം പിടുത്തം നല്‍കുന്ന മാഫിയയും അതിനു ഒത്താശ ചെയ്യുന്ന പൊലീസും എക്‌സൈസുമാണുള്ളത് എന്നും ആരോപണമുണ്ട്.

കാലം മാറുന്നതിനനുസരിച്ച് ലഹരിയുടെ രൂപവും മാറുന്നുണ്ട് എന്നും നാം മനസ്സിലാക്കണം. നല്ലതായി തോന്നുന്ന ചില കാര്യങ്ങളും ഉപയോഗ നിയന്ത്രണ പരിധിയില്‍ വരേണ്ട കാര്യമാണ്. പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ലഹരി പോലെ തന്നെ അപകടമാണ് നവ മാധ്യമങ്ങളോടും ഉപകരങ്ങളോടുമുള്ള ലഹരി. ഇതിനെ സാങ്കേതികാര്‍ഥത്തില്‍ സ്‌ക്രീന്‍ അഡിക്ഷന്‍ എന്നും പറയാറുണ്ട്. ഇതും പദാര്‍ഥ ലഹരികള്‍ പോലെ തന്നെ ഡിപ്രഷന്‍, മാനസിക അസന്തുലിതാവസ്ഥ, അക്രമ പ്രവണത മുതലായ വൈയക്തിക സാമൂഹിക വിരുദ്ധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

ഈയൊരു അവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ‘നാട്ടുമുറ്റം’ എന്ന പേരില്‍ ശാഖാ തലങ്ങളില്‍ ‘ലഹരിയുടെ വേരറുക്കാം’ എന്ന തലക്കെട്ടോടെ ലഹരി വിരുദ്ധ പദ്ധതികള്‍ നടപ്പാക്കുന്നത്. യുവജനവിദ്യാര്‍ഥി സംഘടനകള്‍ ഉത്തരവാദിത്തം മറന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പോലും അടിച്ചു തകര്‍ക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്ന ഇക്കാലത്താണ് യൂത്ത്‌ലീഗ് പ്രധാന ദൗത്യവുമായി രംഗത്തിറങ്ങിയത്. മാത്രമല്ല മുസ്‌ലിം യൂത്ത് ലീഗിനെ സംബന്ധിച്ച് ഇത് വിശ്വാസപരമായ ഉത്തരവാദിത്തമാണ്. ലഹരി സകല തിന്‍മകളുടെയും താക്കോലാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ ബോധത്തിലൂന്നി ആരോഗ്യവും സമാധാനവും നിറഞ്ഞൊരു സമൂഹത്തിനായി നമുക്കൊരുമിച്ചു കൈകോര്‍ക്കാം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് മുതല്‍ ജൂലൈ 3 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ ഏറ്റെടുക്കാന്‍ മുഴുവന്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റികളും രംഗത്തിറങ്ങേണ്ടതാണ്.

Chandrika Web: