X
    Categories: CultureNewsViews

യെദ്യൂരപ്പ 1000 കോടി നല്‍കി; നിര്‍ണായക വെളിപ്പെടുത്തലുമായി കര്‍ണാടകയിലെ വിമത എം.എല്‍.എ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവമെന്നാണ് നാരായണ ഗൗഡ പറയുന്നത്. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ചിലയാളുകള്‍ തന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പക്ക് കാണണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെ സഹായിക്കണമെന്ന് യദിയൂരപ്പ പറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. പിന്തുണക്കാമെന്നും എന്നാല്‍ കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്നും താന്‍ യദിയൂരപ്പയോട് ആവശ്യപ്പെട്ടെന്നും 700 കോടി മാത്രമല്ല 300 കോടി കൂടി അധികം തരാമെന്ന് അദ്ദേഹം പറഞ്ഞെന്നും നാരായണ ഗൗഡ പറഞ്ഞു. അതിനുശേഷം അദ്ദേഹം 1000 കോടി രൂപ എടുത്തു തരുകയും ചെയ്തു. ഇത്രയും വലിയൊരു തുക അദ്ദേഹം നല്‍കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ട കാര്യം ഞാനും ചെയ്തുവെന്നും നാരാണയ ഗൗഡ പറഞ്ഞു. അയോഗ്യനാക്കപ്പെട്ട ഒരു മുന്‍ ജെ.ഡി.എസ് എം.എല്‍.എയും ഇത്തരത്തില്‍ യെദിയൂരപ്പയില്‍ നിന്നും വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇതും സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനാണെന്നും ഗൗഡ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായാണ് കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയതെന്ന യെദിയൂരപ്പയുടെ പ്രസംഗത്തിന്റെ ഓഡിയോ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. അയോഗ്യരായ 17 എം.എല്‍.എമാരെയും അവരുടെ ത്യാഗത്തെ അംഗീകരിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കുമെന്നും ചോര്‍ന്ന ടേപ്പില്‍ യെദിയൂരപ്പ പറയുന്നതായി ഉണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: