X

പഴയ പന്തു പൊട്ടി, പുതിയ പന്തു വാങ്ങാന്‍ പറമ്പില്‍ ഉന്നതതല യോഗം ചേര്‍ന്ന് കൊച്ചുകുട്ടികള്‍ വൈറലായി വീഡിയോ

ഉമ്മര്‍ വിളയില്‍

മലപ്പുറം: കാല്‍പന്തിനെ മറ്റെന്തിനെക്കാളും അളവില്‍ സ്‌നേഹിക്കുന്നവരാണ് മലപ്പുറത്തുകാര്‍. ഫുട്‌ബോള്‍ കളിക്കുന്നതിനോളം വലിയ ഊറ്റം വേറെയുണ്ടാവില്ല അവര്‍ക്ക്. കാല്‍പന്തിനെ പ്രണയിക്കുന്ന ഇന്നാട്ടില്‍ ഒരു ഫുട്‌ബോള്‍ വാങ്ങിക്കാന്‍ നടത്തിയ യോഗത്തിന്റെ വീഡിയോ കണ്ട് ചിരി തൂകുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. അങ്ങേയറ്റത്തെ സംഘടനാ പാടവം കൂടി ഉള്‍കൊണ്ടതായിരുന്നു ആ യോഗം.

പന്ത് പുതിയതു വാങ്ങുന്നതിനായി അവര്‍ വീട്ടുപറമ്പില്‍ ഒരുമിച്ചു കൂടി. ഒരു കമ്മിറ്റിയൊക്കെ ഉണ്ടാക്കിയാണ് പിരിവു നടത്തിയത്. ഓലമടലില്‍ മരക്കൊമ്പ് കെട്ടി അതിനെ മൈക്കാക്കി ഉപയോഗിച്ചാണ് പിരിവുയോഗം. പ്രസിഡന്റ് അദിനും സെക്രട്ടറി അര്‍ജുനും ചേര്‍ന്നാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുമ്പ് പിരിവെടുത്തു വാങ്ങിയ പന്തു പൊട്ടിപ്പോയി. അതേതുടര്‍ന്നാണ് പുതിയ ധനശേഖരണം. എല്ലാ ഞായറാഴ്ചയും പത്തു രൂപ വെച്ച് എല്ലാവരും എത്തിക്കണം. ചെറിയ കുട്ടികളല്ലേ, ഒറ്റയടിക്ക് പത്തുരൂപ എവിടെ നിന്നു കിട്ടാന്‍? അതിനുള്ള വഴിയും അവര്‍ തന്നെ പറഞ്ഞുവെക്കുന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ രൂപ പന്തു വാങ്ങല്‍ ശേഖരത്തിലേക്കായി നീക്കിവെക്കുക. പന്തു വാങ്ങുംവരെ മിഠായി വാങ്ങിത്തിന്നുന്നത് നിര്‍ത്തുക. ഫുട്‌ബോളും ജഴ്‌സിയും വാങ്ങാനുള്ള തുക കണ്ടെത്തുന്നതിനുള്ള തങ്ങളാലാവുന്ന മാര്‍ഗത്തെ പ്രയോജനപ്പെടുത്തുകയായിരുന്നു അവര്‍.

വളരെ ജനാധിപത്യപരമായിട്ടായിരുന്നു കൊച്ചുകുട്ടികളുടെ യോഗം. പൈസ പിരിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്നു ചോദിക്കുമ്പോള്‍ എല്ലാവരും ഒറ്റ ശ്വാസത്തില്‍ ഇല്ല എന്നു പറയുന്നതോടെ ആ യോഗം ഒരു തീര്‍പ്പിലെത്തുന്നു. എല്ലാവര്‍ക്കും പ്രസംഗിക്കാനും അവസരം നല്‍കി. കൂട്ടത്തില്‍ ഏറ്റവും മികച്ച ഗോള്‍ക്കീപ്പറെ പൊന്നാടയണിയിക്കുന്ന ചടങ്ങും നടത്തി. കൂട്ടത്തില്‍ നിന്ന് പ്രസംഗിക്കാന്‍ വിളിച്ചപ്പോഴും അവന്‍ തന്നെയാണ് ധൈര്യസമേതം മുന്നോട്ടു വന്നത്്. പ്രസംഗിക്കുന്നതിനിടെ അവനു വേണ്ട വിധം വാക്കുകിട്ടാതായപ്പോള്‍ സെക്രട്ടറിയുടെ കരുതല്‍.’ഈ കുട്ടിക്ക് പറയുമ്പൊ ഒരു ഇത് വരും. തെറ്റൊക്കെ വരും. ചിരിക്കരുത് ആരും. എല്ലാരേം വിളിച്ചപ്പൊ ഇവനാണ് വന്നത്.’ അത്ര കണ്ട് കരുതലോടെയും സിദ്ധിയോടെയുമാണ് അവരാ യോഗം കൂടിയത്.

പ്രശാന്ത് നിലമ്പൂരാണ് ഈ കുട്ടിയോഗത്തിന്റെ വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ടത്. വീട്ടില്‍ നിന്ന് യോഗം ചേരാനെന്നും പറഞ്ഞ് സ്റ്റൂളെടുത്തു കൊണ്ടു പോയപ്പോള്‍ പിന്നാലെ ചെന്നു നോക്കിയതായിരുന്നു പ്രശാന്ത്. പൊട്ടിപ്പോയ പന്തിനു പകരം പുതിയതൊന്നു വാങ്ങുന്നതിലേക്കുള്ള ആലോചന ക്ഷണിക്കുന്ന മീറ്റിങ്ങാണ് അതെന്നു കണ്ട് ഫെയ്‌സ്ബുക്കില്‍ ലൈവിടുകയായിരുന്നു.

web desk 1: