X
    Categories: CultureNewsViews

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ചെലവ് 34 ലക്ഷം രൂപ

തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് അവകാശപ്പെടുമ്പോഴാണ്, കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിക്കാന്‍ ഇടത് സര്‍ക്കാര്‍ 34 ലക്ഷം രൂപ ചെലവിട്ടത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസു കൂടിയാണിത്.
ഷുഹൈബിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് വിജയ് ഹന്‍സാരി, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ സര്‍ക്കാര്‍ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നത്. വിജയ് ഹന്‍സാരെയ്ക്ക് 12.20 ലക്ഷം രൂപ നല്‍കി. അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല.
ഷുഹൈബ് കേസ് വാദിക്കാനായി കൂടുതല്‍ തുക ചെലവായ വിവരം സഭയില്‍ നിന്ന് മറച്ചുവെക്കാനും മന്ത്രി ശ്രമിച്ചു. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിന്റെ ചോദ്യത്തിന്, കേസ് നമ്പര്‍ മാത്രമാണ് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ ഉള്‍പ്പെടുത്തിയത്. ഇത് സഭയോടുള്ള അവഹേളനമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: