X
    Categories: CultureNewsViews

മാവോയിസ്റ്റ് ബന്ധം സി.പിഎമ്മും ഉറപ്പിച്ചു; പ്രതികളെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പുറത്താക്കി മുഖം രക്ഷിക്കാനും സി.പി.എം ശ്രമം. സി.പി.എം ബ്രാഞ്ച്, ലോക്കല്‍,ഏരിയ കമ്മിറ്റികളും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ശക്തമായി കൂടെ നിന്നിട്ടും പൊലീസ് തെളിവുകള്‍ക്ക് പിണറായി അംഗീകാരം നല്‍കിയതോടെയാണ് പാര്‍ട്ടി ഇവരെ കൈവിടാന്‍ തീരുമാനിക്കുന്നത്.

പൊലീസ് ചുമത്തിയ യു.എ.പി.എ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുമെന്നും ജാമ്യം ലഭിക്കുമെന്നുമായിരുന്നു ഇന്നലെ രാവിലെ വരെ പാര്‍ട്ടിയുടെയും പ്രതികളുടെ കുടുംബത്തിന്റെയും പ്രതീക്ഷ. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നല്‍കിയിരുന്നു. ഇതിനു ശേഷവും യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയും കോടതി ശരിവെക്കുകയും ചെയ്തതോടെ സി.പി.എമ്മിന് പ്രതികളെ സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയായി.

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിച്ചാല്‍ ഭാവിയില്‍ രാഷ്ട്രീയമായി അതു തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്കുള്ളില്‍ തീവ്ര ഇടതുവ്യതിയാനം സംഭവിക്കുന്നത് തടയിടാനും ശക്തമായ നിലപാട് എടുക്കണമെന്നാണ് പിണറായി പക്ഷത്തിന്റെ ആവശ്യം. അതേസമയം സര്‍ക്കാറിലും മുഖ്യമന്ത്രിയിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് അലന്റെ കുടുംബം ഇന്നലെയും പ്രതികരിച്ചത്.

അലന്റെ മാതൃസഹോദരിയും ചലച്ചിത്ര നടിയുമായ സജിത മഠത്തില്‍, പൊലീസ് ഭാഷ്യമല്ല മുഖ്യമന്ത്രിയെയാണ് വിശ്വസിക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. ഇടതു അനുഭാവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമാനമായ പ്രതീക്ഷയാണ് പങ്കുവെച്ചത്. ഇതിനിടെയാണ് പാര്‍ട്ടി തലത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം വെളിപ്പെട്ടത്. ഇതോടെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് സി.പി.എം.

കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന ത്വാഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയിലും അലന്‍ ഷുഹൈബ് മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റിയിലും അംഗങ്ങളായ സജീവ പ്രവര്‍ത്തകരാണ്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്ന് ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുന്നുണ്ട്. സി.പി.എം വിവിധ ഘടകതലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കണമെന്നാണ് തീരുമാനമെത്രെ. മാവോ ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തണമെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം, യു.എ.പി.എ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണമുണ്ടാവുമെന്ന് അലന്റെ വീട്ടിലെത്തിയ ഉറപ്പുനല്‍കിയ കേന്ദ്രകമ്മിറ്റി അംഗം മന്ത്രി തോമസ് ഐസകിനും സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യ പ്രതികരണം നടത്തിയ പി.ബി അംഗം എം.എ ബേബിക്കുമെതിരെ നേതൃതലത്തില്‍ വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുമ്പ് ഇരുവരും വിഷയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കാനാണോ ഇരുവരും ശ്രമിച്ചതെന്ന സംശയവും നേതൃതലത്തില്‍ നിന്നുയരുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: