X
    Categories: keralaNews

സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ്; കര്‍ശന നിര്‍ദേശവുമായി രജിസ്ട്രാര്‍

കോഴിക്കോട്: സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും ‘കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്’ എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ മിക്ക സ്ഥാപനങ്ങളും ഇത് മറികടന്ന് കേരള സര്‍ക്കാര്‍ എന്ന ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍(എന്റഫോഴ്‌സ്‌മെന്റ്) നല്‍കിയ കത്തിനെ തുടര്‍ന്നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും അസി. രജിസ്ട്രാര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുള്ളത്.

സംസ്ഥാന സഹകരണ ബാങ്ക് മാനേജിഗ് ഡയറക്ടര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍, റബ്ബര്‍ മാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ തുടങ്ങി എല്ലാ സഹകരണ സംഘങ്ങള്‍ക്കും സഹകരണ രജിസ്ട്രാര്‍ കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 22 നാണ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ നല്‍കിയത്.

കേരള മോട്ടോര്‍ വാഹന നിയമം 1989 ലെ റൂള്‍ 92 എ പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെ ഇളം നീല പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേര് എഴുതിയിട്ടുള്ള ബോര്‍ഡാണ് സ്ഥാപിക്കേണ്ടത്. പേരിനു താഴെ ‘സംസ്ഥാന സര്‍ക്കാര്‍ അണ്ടര്‍ ടേകിങ്’ എന്നുമാണ് എഴുതേണ്ടത്.

ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് അതൊഴിവാക്കി നീല ബോര്‍ഡ് രണ്ട് ദിവസത്തിനകം സ്ഥാപിച്ച് ചിത്ര സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് അസി. രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം തന്നെ സംഘം സെക്രട്ടറിമാര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ഇത്തരം നിര്‍ദേശങ്ങള്‍ നിരവധി തവണ നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടാറില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് കത്തു നല്‍കുമ്പോള്‍ സഹകരണ വകുപ്പ് സര്‍ക്കുലര്‍ നല്‍കുക പതിവാണെങ്കിലും കാര്യമായ നടപടി ഉണ്ടാവാത്തതിനാല്‍ മിക്ക സഹകരണ സംഘങ്ങളും ചുവന്ന ബോര്‍ഡാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ വാഹനത്തില്‍ നീല ബോര്‍ഡ് ഘടിപ്പിച്ച് ചിത്ര സഹിതം അയക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹകരണ സംഘങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Chandrika Web: