ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി വിലക്കിന് വിരുദ്ധമായി ഇരകള്‍ക്ക് കൈത്താങ്ങായി അമേരിക്കയിലെ ടെക് കമ്പനിയായ എയര്‍ബിഎന്‍ബി രംഗത്ത്. അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ വീടൊരുക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ബ്രയാന്‍ ചെസ്‌കി ഫേസ്ബുക്കിലൂടെ അറിയിച്ചു. സിറിയ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ക്കാണ് ട്രംപ് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നത്. എന്നാല്‍ ട്രംപിന്റെ ഉത്തരവ് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.

‘ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുള്ള നടപടി ശരിയായതല്ല. അഭയാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളും. ആര്‍ക്കെങ്കിലും താമസിക്കാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ നല്‍കുന്നതായിരിക്കും. കമ്പനിക്ക് മൂന്ന് മില്യണ്‍ വീടുകളുണ്ട്. അതിനാല്‍ താമസം വലിയ പ്രശ്‌നമില്ല. സഹായം ആവശ്യമുള്ളവര്‍ തനിക്ക് ഇ-മെയില്‍ അയച്ചാല്‍ മതി’ ബ്രയാന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇ-മെയില്‍ വഴി ബന്ധപ്പെടാനും ബ്രയാന്‍ ചെസ്‌കി പറയുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രംപിന്റെ പുതിയ ഉത്തരവ് ഇറങ്ങുന്നത്. ഉത്തരവിറങ്ങിയതുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമായി. പിന്നീട് കോടതിയുടെ ഭാഗികമായ സ്‌റ്റേ വന്നപ്പോഴാണ് പ്രതിഷേധം അവസാനിച്ചത്.