X

ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല -ശരദ് പവാര്‍

അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എന്‍.സി. പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍.

പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഞാനത് പ്രകടിപ്പിച്ചതാണ്. ചര്‍ച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകര്‍ന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാര്‍ പറഞ്ഞു.

ദേശീയ മാധ്യമങ്ങള്‍ നടത്തിയ അഭിമുഖത്തില്‍ പവാര്‍ ഹിന്‍ഡ്ബര്‍ഗ് റിപോര്‍ട്ടിനെ തള്ളുകയും അദാനിയെ പിന്തുണക്കുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പിനെ ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നാണ് പവാര്‍ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി ശ്രമം നടക്കുന്നതിനിടെ പവാറിന്റെ അഭിമുഖം ചര്‍ച്ചയായി. ഇതോടെയാണ് ശനിയാഴ്ച പവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അദാനിയുടെ കമ്പനിയിലെ 20,000 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തതയില്ലാത്ത വിഷയങ്ങളില്‍ താന്‍ സംസാരിക്കാറില്ലെന്നും പവാര്‍ പ്രതികരിച്ചു.

അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെക്കാള്‍ വിശ്വാസയോഗ്യത സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്കാണെന്ന് പവാര്‍ ആവര്‍ത്തിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി സര്‍ക്കാരിന്റെ നിഴലിലായിരിക്കുമെന്നും സമിതിയില്‍ ഭരണപക്ഷത്തിന് മേല്‍ക്കോയ്മ ഉണ്ടാകുമെന്നും അത് സത്യസന്ധമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk14: