ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പരീക്ഷക്ക് മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനയുടെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ട അപമാനത്തിന് നിരുപാധികം മാപ്പു ചോദിക്കാന്‍ കണ്ണൂര്‍ കൊവ്വപ്പുറം ടി.ഐ.എസ്.കെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയതായും സി.ബി.എസ്.സി അറിയിച്ചു. ഭാവിയില്‍ ഇത്തരം നിരുത്തരവാദപരമായ സമീപനം ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് വ്യക്തമാക്കിയ സി.ബി.എസ്.സി കണ്ണൂരില്‍ നടന്ന സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. രാജ്യത്തൊട്ടാകെ 6.42 ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷക്ക് ഹാജരായെന്നും എല്ലാവരുടെയും സഹകരണത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കൂടാതെ പരീക്ഷ നടത്താന്‍ സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും സി.ബി.എസ്.സി ചൂണ്ടിക്കാട്ടി. സി.ബി.എസ്.സിയുടെ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണ രൂപം: 2015ലെ ഓള്‍ ഇന്ത്യ പ്രീമെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഡെസ്റ്റിനിടെ (എ.ഐ.പി.എം.ടി) ചില വിദ്യാര്‍ഥികള്‍ അടിവസ്ത്രത്തിലൊളിപ്പിച്ച മൈക്രോ ബ്ലൂടൂത്ത് ഉപകരണത്തിന്റെ സഹായത്തോടെ പരീക്ഷ എഴുതിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും പരീക്ഷ നടത്തി. ഇത് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടു സൃഷ്ടിച്ചു. ഈ സാഹചര്യത്തില്‍ പരീക്ഷ ഏറ്റവും സുതാര്യവും നീതിയുക്തവുമായി സംഘടിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് വീണ്ടും നടത്തുന്ന പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഡ്രസ്‌കോഡുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇത് വിജയിച്ചതോടെ 2016ലെയും 2017ലെയും നീറ്റ് പ്രവേശന പരീക്ഷയ്ക്കും ഇതേ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് സി.ബി.എസ്.ഇ പിന്തുടര്‍ന്നത്. 2016ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ നീറ്റ് പ്രവേശനപരീക്ഷ രണ്ടു ഘട്ടമായാണ് നടത്തിയത്. എല്ലാത്തരത്തിലുമുള്ള തിരിമറികള്‍ തടയുന്നതിനുള്ള നടപടിയും അന്നു സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും പരീക്ഷയ്ക്ക് മുന്നോടിയായി ഡ്രസ്‌കോഡ് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കാര്‍ഡില്‍ ഈ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മാത്രല്ല, ഇമെയില്‍ വഴിയും എസ്.എം.എസ് വഴിയും നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. ഏറ്റവും നീതിയുക്തമായും സുതാര്യമായും പരീക്ഷ നടത്തുന്നതിനായിരുന്നു ഇതെന്നും സി.ബി.എസ്. ഇ വിശദീകരിക്കുന്നു.