X

‘നവോത്ഥാന നാടക’വും വിജയിച്ചില്ല ശശി വിഷയം തലവേദന തന്നെ

 

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്

പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായ യുവതി നല്‍കിയ പരാതി തള്ളിയതിന് പിറകെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത് സി.പി.എമ്മിന് തലവേദനയാവുന്നു. ഇടക്കാലത്ത് പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിക്കുന്നതില്‍ അയവ് വരുത്തിയ വി.എസ് ശശിയുടെ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതോടെ വീണ്ടും പോര്‍മുഖം തുറന്നതായി വി.എസ് പ്രഖ്യാപിക്കുകയാണ്. ജാതി സംഘടനകളുമായി ചേര്‍ന്ന് വനിതാമതില്‍ തീര്‍ക്കുന്നതിനെയും വി.എസ് വിമര്‍ശിക്കുകയുണ്ടായി. വനിതാമതില്‍ നിര്‍മാണത്തിലൂടെ നവോത്ഥാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് വി.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വനിതാമതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെയാണ് വി.എസിന്റെ വാക്കുകള്‍. ഇതോടെ പാര്‍ട്ടിക്കകത്ത് വനിതാമതില്‍ സംബന്ധിച്ച് രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് ഉറപ്പായി.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം കൂടിയാണ് വി.എസ് സ്വരം കടുപ്പിക്കുന്നതിന്റെ പിന്നിലുള്ളത്. വിമാനത്താവളത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി കൂടിയായ വി.എസിന്റെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തിരുന്നില്ല. ശശിക്കെതിരെയുള്ള പരാതി പാര്‍ട്ടി തള്ളിയെങ്കിലും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. യുവതി കേന്ദ്രനേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയതും സംസ്ഥാന ഘടകത്തിന് പ്രയാസം സൃഷ്ടിക്കും. അതിന് പുറമെയാണ് വി.എസിന്റെ ഇടപെടല്‍.
പ്രളയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയോടും സര്‍ക്കാറിനോടും ഒപ്പം നിന്ന വി.എസ് ഇപ്പോള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ഔദ്യോഗികപക്ഷം നിരീക്ഷിക്കുന്നുണ്ട്. വി.എസിനെ അവഗണിക്കാന്‍ തന്നെയാവും പാര്‍ട്ടിയുടെ നീക്കം. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകളുമായി വി.എസ് രംഗത്ത് വരുന്നത് നന്നല്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വനിതാമതിലിന്റെ കാര്യത്തില്‍ യു.ഡി.എഫ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. കുടുംബശ്രീയെയും ആശാവര്‍ക്കര്‍മാരെയും മറ്റും ഉള്‍പ്പെടുത്തി മതില്‍ യാഥാര്‍ത്ഥ്യമാക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. സാംസ്‌കാരികരംഗത്തുള്ള പ്രമുഖരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും കലവറയില്ലാത്ത പിന്തുണ നല്‍കിയിട്ടില്ല. സ്വതന്ത്രചിന്തകരും നേരത്തെ ഇടതുമുന്നണിയോട് അടുപ്പം കാണിച്ചവരും വനിതാമതിലിന്റെ കാര്യത്തില്‍ മൗനം തുടരുന്നത് സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വി.എസിനെ പോലുള്ളവര്‍ പാര്‍ട്ടിക്കകത്തും വിസമ്മതം പ്രകടിപ്പിക്കുമ്പോള്‍ വനിതാമതിലിന് വിള്ളല്‍ വീഴുമെന്നാണ് സൂചന.

chandrika: