X

നവോത്ഥാനത്തില്‍ നിന്നും ജാതിഭ്രാന്തിലേക്ക് നയിക്കാന്‍ അനുവദിക്കില്ല: എം എസ് എഫ്

ജാതി വിവേചനം ക്യാംപസുകളില്‍ തിരിച്ച് വിളിക്കാന്‍ കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ അപമാനമാണെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവരാണ് നിലപാട് അറിയിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം തുടര്‍ക്കഥയാവുകയാണ്. ദലിത് സമുദായത്തില്‍ നിന്നും ആദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ.കെ.ആര്‍ നാരായണന്റെ നാമധേയത്തിലുള്ള കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനെയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി വഹിക്കുന്ന ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ കടുത്ത ജാതീയവിവേചനങ്ങളാണ് നടക്കുന്നതെന്നും ഇരുവരും പ്രഖ്യാപിച്ചു.

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാതി അതിക്ഷേപം നടത്തുക, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുക, ദളിത് സംവരണം ആട്ടിമറിക്കുക, പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസും നോട്‌സും നല്‍കാതിരിക്കുക തുടങ്ങിയ ഒട്ടനവധി പരാതികളാണ് ശങ്കര്‍ മോഹനെതിരെയുള്ളത്. ജാതീയതെക്കെതിരെ സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരും മുന്നോട്ട് വന്നിട്ടില്ലെന്നും വ്യക്തമാക്കി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുന്ന കാലത്താണ് കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അനീതി തുടരുന്നതെന്ന കാര്യവും ഓര്‍മിപ്പിച്ചു. ജാതി വിവേചനത്തിന്റെ പേരില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോലും വിസമ്മതിച്ച സാഹചര്യം ഉണ്ടായപ്പോള്‍ നിരാഹാര സമരം ഇരിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിയെ കേരളം മറന്നിട്ടുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

web desk 3: