തിരൂര്‍: പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍ നിന്നാണ് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടിയത്. ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു.

തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മന്‍സൂറിനൊപ്പം പുറത്തൂര്‍ അത്താണിപ്പടി സ്വദേശി ഉമര്‍ഷാദും പുഴയിലേക്ക് ചാടിയിരുന്നു. ഇയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ ചമ്രവട്ടം പാലത്തിനു സമീപമാണ് സംഭവം. പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ കണ്ട് അമിതവേഗത്തില്‍ കുതിച്ച മണല്‍ലോറി നരിപറമ്പിനു സമീപം പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും പുഴയിലേക്ക് ചാടി. ശക്തമായ ഒഴുക്കുണ്ടായ പുഴയില്‍ ഒരാളെ കണ്ടെത്താനായിരുന്നില്ല.