kerala

കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു

By web desk 1

December 31, 2020

പാലക്കാട്: ദേശീയപാതയില്‍ കുതിരാനില്‍ വലിയ വാഹനാപകടം. ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

രാവിലെ ആറേ മുക്കാലോടെയാണ് അപകടം ഉണ്ടായത്.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.

പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. സംഭവ സ്ഥലത്തെ റോഡ് ഇറക്കമുള്ളതു കൂടിയായതിനാല്‍ ഇടിയുടെ ആഘാതം കൂടിയതാണ് വലിയ അപകടത്തിന് കാരണമായത്.