X

ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ്

മുറാസിൽ

റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.

ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .

ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.

ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..

webdesk14: