X

ഇലക്ട്രോണിക് വേൾഡ് കപ്പുമായി സഊദി

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ്- ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സഊദി. കായിക ലോകത്ത് അത്ഭുതങ്ങൾ തേടുന്ന സഊദിയുടെ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നടത്തിയത്. 2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം. ഗെയിമിംഗിനുള്ള പ്രോത്സാഹനം വഴി ഇ-സ്‌പോർട്‌സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് ലോകകപ്പ് സഹായകമാകും. ഏറ്റവും പ്രമുഖ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇതുവഴി ഉറപ്പിക്കാനാണ് സഊദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു.

വേൾഡ് കപ്പിന്റെ ചുമതല കായിക മന്ത്രാലയത്തിന് കീഴിൽ ഇലക്‌ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷനാണ് . കിരീടാവകാശിയുടെ ബഹുമാനാർത്ഥം രാജ്യം ആതിഥേയത്വം വഹിക്കുന്ന ‘ന്യൂ വേൾഡ് സ്‌പോർട്‌സ് കോൺഫറൻസിന്റെ’ വേളയിലാണ് പുതിയ പ്രഖ്യാപനം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഉൾപ്പടെ വേദിയിലുണ്ടായിരുന്നു. നവ്യമായ ഈ പ്രഖ്യാപനത്തിന് സാക്ഷികളാകാൻ കായിക മേഖലയിലെ നിരവധി നേതാക്കളും വിശിഷ്ട വ്യക്തികളും എത്തിയിരുന്നു.

ഗെയിമിംഗിനും ഇലക്‌ട്രോണിക് സ്‌പോർട്‌സിനും വേണ്ടിയുള്ള ആദ്യത്തെ ആഗോള കേന്ദ്രം സഊദിയാകുമെന്നും കിരീടാവകാശി പറഞ്ഞു.2030 വിഷന്റെ ഭാഗമായുള്ള ഇ സ്പോർട്സ് വേൾഡ് കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുകയും ,
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയുമാണെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുകയും പൗരന്മാർക്ക് ഉയർന്ന തലത്തിലുള്ള വിനോദ വേദികൾ ഒരുക്കുകയും ചെയ്യുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

2030 പൂർത്തിയാകുന്നതോടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 50 ബില്യൺ റിയാലിലധികം കൈവരിക്കുന്നതിനും ഈ മേഖലയിൽ 39,000 പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും വേൾഡ് കപ്പ് വഴിയൊരുക്കും. ഇലക്ട്രോണിക് ഗെയിമുകളുടെ തലസ്ഥാനമായി റിയാദ് മാറും.

ഇലക്ട്രോണിക് ഗെയിമിംഗ് മേഖലയിൽ താൽപ്പര്യമുള്ള വ്യത്യസ്ത വിഭാഗം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും റിയാദ് നഗരത്തിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സവിശേഷ അവസരം കൂടിയാകുമിത്. ആകർഷണീയമായ
പരിപാടികളോടെ ഇന്റോർ സ്റ്റേഡിയങ്ങളിലായിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക.

webdesk14: