X

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച

കോഴിക്കോട്: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ബസുകള്‍, ആരാധനാ ലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഘ സംഘം പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍ തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തുന്നന്നെ് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ നടന്ന കളവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയായിരുന്നു.
ഫെബ്രുവരി 28 ന് നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസില്‍ വെച്ച് പൊട്ടിച്ച കേസില്‍ രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിധത്തിലും വിവരങ്ങള്‍ ലഭിച്ചില്ല. കവര്‍ച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകള്‍ ആയതിനാല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ കിട്ടിയിരുന്നില്ല.
തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈല്‍ ഷോപ്പിലെത്തിയെങ്കിലും ഇവിടെനിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. മുന്‍പ് മൊബൈല്‍ ഫോണ്‍ വാങ്ങിയപ്പോള്‍ കൊടുത്തിരുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ കിട്ടിയെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. അയ്യപ്പന്‍ ഉപയോഗിച്ചിരുന്ന ആ നമ്പറില്‍ നിന്ന് ദേവിയേയും, സന്ധ്യയെയും ബന്ധപ്പെടാന്‍ കഴിയാതായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവന്‍ നടത്തിയ തിരച്ചലിലൂടെ, പുലര്‍ച്ചയോടെ അയ്യപ്പനേയും, മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വര്‍ഷങ്ങളായി ഇവിടെ മാറിമാറി താമസിച്ചു വരുന്ന ഇവര്‍ കോഴിക്കോടും, പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്ന് നാട്ടുകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

 

Chandrika Web: