X

റോഹിന്‍ഗ്യ മുസ്്‌ലിം വേട്ട: മ്യാന്മറിലെ പട്ടാളത്തലവന്മാര്‍ക്കെതിരെ യുഎസ് ഉപരോധം

യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്‌ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര്‍ പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എസ് ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. ഇവരെ യു.എസില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. നോര്‍ത്ത് റാഖൈനിലെ ഇന്‍ ഡിന്‍ ഗ്രാമത്തില്‍ പത്തോളം റോഹിന്‍ഗ്യാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരായ സൈനികരെ വിട്ടയക്കാനുള്ള സൈനിക മേധാവിയുടെ തീരുമാനമാണ് ഉപരോധമേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത് ലോകത്തിന് മുന്നിലെത്തിച്ചതിന് മ്യാന്മര്‍ ഭരണകൂടം തുറങ്കിലടച്ച രണ്ട് റോയിട്ടേഴ്‌സ് ലേഖകരെക്കാള്‍ കുറഞ്ഞ സമയം മാത്രമാണ് പ്രതികളായ സൈനികര്‍ ജയിലില്‍ കഴിഞ്ഞത്. മനുഷ്യാവകാശ ധ്വംസകരെയും മറ്റ് കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മ്യാന്മര്‍ ഭരണകൂടം നടപടി സ്വീകരിക്കാത്തത് ഏറെ ആശങ്കാജനകമാണെന്ന് പോംപിയോ പറഞ്ഞു. മ്യാന്മര്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇപ്പോഴും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പട്ടാള നേതൃത്തിനുള്ള പങ്കിനെക്കുറിച്ച് വിശ്വാസ യോഗ്യമായ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ഉപരോധം പ്രതീകാത്മകമാണെങ്കിലും മ്യാന്മര്‍ സേനക്കെതിരെ സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ടുപോകാന്‍ ഇതിലൂടെ അമേരിക്കക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ സൈനിക നടപടിയില്‍ ഏഴ് ലക്ഷത്തിലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളാണ് അഭയാര്‍ത്ഥികളായത്. യു.എസ് ഉപരോധത്തെ മ്യാന്മര്‍ ഭരണകൂടവും സൈന്യവും അപലപിച്ചു.

web desk 1: