മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തതിന് അസമിലെ ബി.ജെ.പി നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച ചീഫ് എക്‌സ്‌ക്യൂട്ടീവ് അംഗം ബേനസീര്‍ അര്‍ഫാനെയാണ് സംസ്ഥാന ഘടകം സസ്‌പെന്‍ഡ് ചെയ്തത്. മറ്റൊരു സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനായി ബേനസീര്‍ അഭ്യര്‍ത്ഥന നടത്തിയ എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. അതേസമയം, അതൊരു പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമായിരുന്നെന്നും പ്രതിഷേധ പ്രകടനമായിരുന്നില്ലെന്നും അവര്‍ ന്യായീകരിച്ചു. യുണൈറ്റഡ് മൈനോറിറ്റി പീപ്പ്ള്‍സ്് ഫോറം എന്ന സന്നദ്ധ സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2012ലാണ് ബേനസീര്‍ ബി.ജെ.പിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാനിയ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും തോറ്റു.