X

റൊണാള്‍ഡോ രണ്ടു കുപ്പി നീക്കിയതേ ഉള്ളു; കൊക്കൊകോളക്ക് നഷ്ടം 520 കോടി

വാര്‍ത്താ സമ്മേളനത്തിനിടെ സ്‌പോണ്‍സര്‍മാരായ കൊക്കകോളയുടെ കുപ്പികള്‍ എടുത്തു മാറ്റിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കൊക്കകോളയുടെ കുപ്പികള്‍ എടുത്തു മാറ്റി പകരം വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിച്ച് അതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി. യൂറോയിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോ കോള.

ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. നേരത്തേയും ജങ്ക്ഫുഡുകളോടുള്ള താത്പര്യക്കുറവ് റൊണാള്‍ഡോ വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ സോഫ്റ്റ് ഡ്രിങ്കുകളും ജങ്ക് ഫുഡും കഴിക്കുമെന്നും തനിക്കത് ഇഷ്ടമല്ലെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞത്.

അതേസമയം, യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ മത്സരത്തിലൂടെ റൊണാള്‍ഡോ സ്വന്തമാക്കി. അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.

 

 

 

 

web desk 1: