X

റോയ് vs ഓഗ്ബജേ; ഇന്ന് ബഗാന്‍ ഹൈദരാബാദ് പോരാട്ടം

മഡ്ഗാവ്: 17 മല്‍സരങ്ങളില്‍ നിന്നായി 17 ഗോളുകള്‍ സ്വന്തമാക്കിയ ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരന്‍ ഒരു ഭാഗത്ത്. പരുക്കില്‍ നിന്നും മുക്തനായി പൂര്‍ണ ആരോഗ്യത്തോടെ ഫിജിക്കാരന്‍ റോയ് കൃഷ്ണ മറുഭാഗത്ത്. അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഏ.ടി.കെ മോഹന്‍ ബഗാന്‍-ഹൈദരാബാദ് എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ രണ്ടാം സെമി ആദ്യപാദം ഈ രണ്ട് ഗോള്‍ വേട്ടക്കാര്‍ തമ്മിലായാല്‍ അല്‍ഭുതപ്പെടാനില്ല. സീസണിന്റെ അവസാന ഭാഗം വരെ ഗംഭീര ഫോമിലായിരുന്നു ഓഗ്ബജേയും ഹൈദരാബാദും. പക്ഷേ നിര്‍ണായക മല്‍സരത്തില്‍ ജംഷഡ്പ്പൂരിനോട് മൂന്ന് ഗോളിന് തോറ്റത് മനോലോ മാര്‍ക്കസ് നയിക്കുന്ന സംഘത്തിന് വലിയ ആഘാതമായി. ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല. അസുഖം കാരണം ഓഗ്ബജേക്ക് കളിക്കാന്‍ കഴിയാതിരുന്നത് ടീമിനെ ബാധിച്ചു. ജംഷഡ്പ്പൂര്‍ കുതിച്ചുകയറിയപ്പോള്‍ അവര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. പക്ഷേ ആ തിരിച്ചടികള്‍ മറന്നാണ് ഇന്ന് മാര്‍ക്കസ് തന്റെ സംഘത്തെ ഒരുക്കിയിരിക്കുന്നത്. ഓഗ്ബജേ തന്നെ കുന്തമുനയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പക്ഷേ ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല മല്‍സരം. തിരിച്ചടികള്‍ മറന്ന് പഴയ കരുത്തില്‍ നിര്‍ണായക മല്‍സരത്തില്‍ ടീം കളിക്കുമെന്ന് മാര്‍ക്കസ് വ്യക്തമാക്കി. ആദ്യമായാണ് ഹൈദരാബാദ് സെമി കളിക്കുന്നത്. അതിന്റെ ടെന്‍ഷന്‍ കളിക്കാര്‍ക്കുണ്ടെങ്കിലും അത് കാര്യമാക്കാതെ കളിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ബഗാന്‍ സീസണിന്റെ ഒരു ഘട്ടത്തില്‍ കോച്ചിനെ മാറ്റി നവരൂപത്തില്‍ തിരികെയെത്തിയവരാണ്. ഫെറാന്‍ഡോ പരിശീലകനായതിന് ശേഷം ടീം പതിനാല് മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമായിരുന്നു തോല്‍വി. അത് തന്നെ അവസാന അങ്കത്തില്‍ ജംഷഡ്പ്പൂരിനോട്. ഫിജിയില്‍ നിന്നുള്ള ഗോള്‍ വേട്ടക്കാരന്‍ റോയ് കൃഷ്ണ ആരോഗ്യം നേടിയതാണ് ബഗാന്റെ പ്രതീക്ഷ. ഡേവിഡ് വില്ല്യംസും കോവിഡ് ബാധക്ക് ശേഷം ആദ്യ ഇലവനിലേക്ക് വരുന്നു. ഇന്ത്യന്‍ താരങ്ങളായ മന്‍വീര്‍ സിംഗും ലിസ്റ്റണ്‍ കോളോസോയും അവസരവാദികളായി മാറുന്നു. ഇതെല്ലാമാണ് ഫെറാന്‍ഡോയുടെ കരുത്ത്. മല്‍സരം രാത്രി 7-30 മുതല്‍

Test User: