ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടുന്നു. ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. നിലവില്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് നോട്ട് ബാങ്കുകളില്‍ എത്തിക്കുന്നതിന് 21 ദിവസത്തെ സമയമെടുക്കും. വിമാനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഇത് ആറു ദിവസമായി കുറക്കാനാവുമെന്നാണ് കരുതുന്നത്.

നഗര പ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളില്‍ കൂടി നോട്ട് എത്തിക്കാനാണ് സര്‍ക്കര്‍ ശ്രമിക്കുന്നത്. ഇതിനായിരിക്കും മുഖ്യമായും വ്യോമസേനാ വിമാനങ്ങളെ ഉപയോഗിക്കുക. നഗരത്തിലെ സ്ഥിതി കുറച്ച് ദിവസങ്ങള്‍ക്കകം പൂര്‍വസ്ഥിതിയിലാവുമെന്നും ഗ്രാമ പ്രദേശങ്ങള്‍ കൂടി നോട്ട് വേഗത്തിലെത്തിച്ചാല്‍ പ്രതിസന്ധിക്ക് കുറവ് വരുത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കണക്ക്കൂട്ടുന്നത്.

നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിന്‌ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും വരിക്ക് കുറവില്ല. എടിഎമ്മുകളില്‍ പണം വേഗത്തില്‍ തീരുന്നതും സര്‍ക്കാറിന് തിരിച്ചടിയാണ്.