കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒമ്പതു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആത്മഹത്യാ പ്രേരണാക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ.എം വാസുദേവന്‍ ആത്മഹത്യ ചെയ്തത്.

ആര്‍.എസ്.എസ് ആക്രമണത്തില്‍ വാസുദേവന്റെ മകന് വെട്ടേറ്റിരുന്നു. ചെറുമകളായ മൂന്നുവയസ്സുകാരിയെ അക്രമികള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

അക്രമസംഭവത്തില്‍ മനംനൊന്ത് വീടിനു സമീപത്തെ ചായ്പില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച വാസുദേവനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.