india

ആർ.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്യണം’; ഗോവയിൽ പ്രതിഷേധം ശക്തം

By webdesk13

October 06, 2024

സെന്റ് ഫ്രാൻസിസ് സേവിയറിനെതിരായ ആർ.എസ്.എസ് നേതാവിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഗോവയിൽ പ്രതിഷേധം ശക്തം. പരാമർശം നടത്തിയ ആർ.എസ്.എസ് മുൻ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ രംഗത്തിറങ്ങിയോതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ക്രിസ്ത്യൻ സമുദായാംഗങ്ങൾ നടത്തിയ പ്രതിഷേധം ചിലയിടങ്ങളിൽ ചെറിയതരത്തിൽ സംഘർഷത്തിന് കാരണമായതോടെയാണ് സുരക്ഷ ശക്തമാക്കിയത്. മാർഗോ സിറ്റിയിൽ പ്രതിഷേധക്കാർ ദേശീയപാത തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം വിവാദമായതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി നിരന്തരം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.

ഗോവയുടെ മതസൗഹാർദത്തെയാണ് ബി.ജെ.പി ആക്രമിച്ചതെന്നും രാഹുൽ വിമർശിച്ചു. ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതർ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തു. സെന്റ് ഫ്രാന്‍സ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമാണ് സുഭാഷ് വെലിങ്കർ പറഞ്ഞത്.