X

ആര്‍.എസ്.എസ്സിനുള്ള സംരക്ഷണം വര്‍ഗീയതക്കുള്ള സംരക്ഷണം !

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് അല്ലെന്നാണ് ആ സംഘടനയുടെ ആളുകള്‍ വാദിക്കാറുള്ളത്. അവരുടെ ഒത്താശയുണ്ടായിരുന്നുവെന്നതിന് ഗോഡ്‌സേയുടെ സഹോദരന്റെ തന്നെ മൊഴിയുണ്ട്.രാജ്യത്ത് പിന്നീട് നടന്ന ഒട്ടനവധി വര്‍ഗീയകലാപങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കാളിത്തം പല അന്വേഷണ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അത്തരമൊരു നിഴല്‍സംഘടനയെ സംരക്ഷിക്കുക എന്നുവെച്ചാല്‍ എന്താണര്‍ത്ഥം. പഴയ കഥയാണെങ്കിലും കെ.പി.സി.സിയുടെ അത്യുന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമായും മതേതരത്വപരമായും ഒരുനിലക്കും യോജിച്ചതായില്ല.

കണ്ണൂരില്‍ മുന്‍മന്ത്രി എം.വി രാഘവന്റെ അനുസ്മരണയോഗത്തിലാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കെ.സുധാകരന്റെ പ്രസ്താവന ഉണ്ടായത്. പെട്ടെന്നൊരു പ്രകോപനത്തില്‍ പറഞ്ഞതല്ല അതെന്നതിന് തെളിവാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അത് ആവര്‍ത്തിച്ചുപറഞ്ഞു എന്നുള്ളത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സുധാകരന്‍ വ്യക്തമാക്കിയെങ്കിലും ആര്‍.എസ്.എസ് ശാഖകളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്. സത്യത്തില്‍ ഇതൊരു അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയായിപ്പോയെന്ന് മീഡിയന് പറയാതെ വയ്യ. അതേക്കുറിച്ച് വിവാദം ഒഴിവാക്കുന്നതിനായി അദ്ദേഹം പറയുന്ന മറ്റൊന്ന് താന്‍ സി.പി.എം യോഗങ്ങള്‍ക്കും സംരക്ഷണം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവ രണ്ടും ഒന്നാണോ എന്ന് സുധാകരന് ഉറപ്പില്ലെന്ന ്‌തോന്നുന്നു.

തികഞ്ഞ വര്‍ഗീയകക്ഷിയായ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്നും പൊതുസമൂഹത്തില്‍നിന്ന് തിരസ്‌കൃതരാക്കണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സംഘടനയെ വെള്ളപൂശലായി ഈ പ്രസ്താവനയെന്ന് പറയാതെ വയ്യ. രാജ്യം വലിയ സാമൂഹികരാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ,ആരില്‍നിന്നാണ് അതെന്നറിയാതെയാണോ സുധാകരന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അനാവശ്യമായ വിവാദത്തിന് വഴിവെക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. താന്‍ ബി.ജെ.പിയിലേക്ക് പോകണമെന്ന ്‌വിചാരിച്ചാല്‍ പോകുമെന്നുകൂടി സുധാകരന്‍ പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് തീര്‍ച്ചയായും യോജിച്ചതായില്ലെന്ന ്തീര്‍ച്ച. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലെന്നുതന്നെയാണ് മീഡിയന്റെ പക്ഷം. ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചുകൊല്ലുന്നവരുടെയും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നവരുടെയും ഇടയില്‍ മതേതരത്വത്തിനും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രചാരണം നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു പ്രസ്താവന നിരുത്തരവാദപരമല്ലെന്നെന്താണ് പറയാനുള്ളത്? ആര്‍.എസ്.എസ്സിന് സംരക്ഷണം കൊടുക്കുക എന്നാല്‍ അവരുടെ പ്രതിലോമകരമായ ആശയങ്ങള്‍ക്ക് സംരക്ഷണംകൊടുക്കുക എന്നല്ലാതെന്താണര്‍ത്ഥം?

–മീഡിയന്‍

web desk 3: