X

രാജ്യത്തിന്റെ മാനം കവര്‍ന്നെടുക്കപ്പെടുമ്പോള്‍ ഭരണാധികാരികള്‍ വീണ വായിക്കുന്നു: വനിതാ ലീഗ്

കോഴിക്കോട്: ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു. ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘപരിവാര്‍ അഴിച്ചുവിടുന്ന കലാപത്തിന്റെ പ്രധാന ഇര സ്ത്രീകളാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ധീര ജവാന്റെ ഭാര്യയെ പോലും നഗ്നയാക്കി നടത്തിയും പൊലീസ് കാവലില്‍ പിഞ്ചു പെണ്‍കുട്ടികളെ പോലും പീഡിപ്പിച്ചും പൈശാചികത കെട്ടഴിച്ചാടുകയാണ്.

രണ്ട് സ്ത്രീകള്‍ കൂടി ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് പുതുതായി പുറത്തുവന്നത്. പട്ടികജാതി-വര്‍ഗ-പോസ്‌കോ വകുപ്പുകളൊന്നും ചുമത്താതെ പ്രതിഷേധം കനക്കുമ്പോള്‍ പേരിനു കേസെടുത്ത് വിട്ടയക്കുന്നതാണ് അവിടുത്തെ രീതിയെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യത്വ വിരുദ്ധവും നിയമവാഴ്ചയെ വെല്ലുവളിക്കുന്നതുമാണിത്. ആഭ്യന്തര മന്ത്രി പോയി മൂന്നു ദിനങ്ങള്‍ തമ്പടിച്ചപ്പോഴാണ് കലാപം അതിന്റെ തീവ്രതയിലേക്ക് പോയത്. പ്രധാനമന്ത്രി പ്രതികരിക്കാത്തതും പാര്‍ലിമെന്റില്‍ പ്രസ്താവന നടത്താത്തതുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നു.

രണ്ടു മാസമായിട്ടും തീ കെടുത്താനോ സമാധാനം സ്ഥാപിക്കാനോ തുനിയാത്ത ഭരണകൂടങ്ങള്‍ അക്രമികള്‍ക്ക് പിന്തുണ നല്‍കുകയും ഇന്റര്‍നെറ്റ് വിഛേദിച്ച് വാര്‍ത്ത പുറം ലോകം അറിയുന്നത് തടയുകയുമാണ്. ഇരുമ്പു മറകള്‍ ഭേദിച്ച് പുറത്തറിഞ്ഞ വിവരങ്ങളും ദൃശ്യങ്ങളും ലോകത്തിന് മുമ്പില്‍ ഇന്ത്യ തലകുനിക്കുന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിച്ചും സമാധാനം പുനഃസ്ഥാപിച്ചും ഇന്ത്യയുടെ യശസ്സ് വീണ്ടെടുക്കണം.

അറിഞ്ഞതിലും വലിയ ക്രൂരകൃത്യങ്ങളാണ് മണിപ്പൂരില്‍ നടമാടുന്നത്. മതവും ജാതിയും ഗോത്രവും പറഞ്ഞ് ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വെറുപ്പിന്റെ വ്യാപാരികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടാവണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും വനിതാലീഗ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.

webdesk11: