X

യുക്രൈന്‍ നഗരത്തില്‍ റഷ്യന്‍ വ്യോമാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

യുക്രൈനിലെ ഡൊണെട്‌സ്‌ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.

നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ചെകുത്താന്മാര്‍ക്കെതിരെ ഏതുവിധേനയും പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റഷ്യന്‍ എസ്300 മിസൈലാണ് മാര്‍ക്കറ്റില്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

അതിനിടെ, യുക്രൈനെ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു. യുക്രെയ്‌നിലെ ഓരോ സെന്റിമീറ്ററില്‍ നിന്നും റഷ്യയെ തുരത്തും. അതിനായി സാധ്യമായതും അസാധ്യമായതുമെല്ലാം ചെയ്യും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കിയാണ് സെലന്‍സ്‌കി റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

webdesk13: