X

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കല്‍: ഒബാമയെ പരിഹസിച്ച് റഷ്യയുടെ ട്വീറ്റ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പരിഹസിച്ച് റഷ്യന്‍ എംബസിയുടെ ട്വീറ്റ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്നാരോപിച്ച് അമേരിക്ക 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. താറാവിന്റെ ഫോട്ടോക്കു മുകളിലൂടെ ലെയിം എന്നെഴുതിയ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ബറാക് ഒബാമ നിസ്സഹായനായ വ്യക്തിയാണ് എന്നു വരുത്താനാണ് ശ്രമിച്ചത്. ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതില്‍ അമേരിക്കന്‍ ജനത ഉള്‍പ്പെടെ എല്ലാവരും സന്തുഷ്ടരാണെന്നും റഷ്യന്‍ എംബസിയുടെ ട്വീറ്റില്‍ കുറിക്കുന്നു. ലെയിം ഡക് എന്നത് ഒരു പ്രയോഗമാണ്. ഒബാമയുടെ പ്രവര്‍ത്തനത്തെ തോറ്റുപോയ വ്യക്തിയോടാണ് ട്വീറ്റില്‍ താരതമ്യം ചെയ്യുന്നത്. കാലാവധി അവസാനിക്കുന്ന ഒബാമ സര്‍ക്കാറിന്റെ അത്ര പ്രാധാന്യമില്ലെന്ന് ട്വീറ്റിലൂടെ പറയാതെ പറയുകയാണ് റഷ്യയെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സൈറ്റുകളും ഇമെയിലുകളും റഷ്യ ഹാക്ക് ചെയ്തതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഒബാമ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

chandrika: