X
    Categories: MoreNewsViews

നിലക്കലില്‍ സമരപന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സമരക്കാരെ ഒഴിപ്പിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.

പുലര്‍ച്ചെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനേയും മുത്തശ്ശിയേയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്.

സമരക്കാര്‍ ചൊവ്വാഴ്ച രാത്രി നിലക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. പമ്പയിലും നിലക്കലിലുമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങിയിരുന്നു.

അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പൊലീസ് ഉത്തരവിറക്കി. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്പയിലേക്ക് പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: