X

“ഇപ്പോള്‍ പറയാനാകില്ലെന്ന്” സുപ്രീം കോടതി; ശബരിമല റിവ്യൂ ഹര്‍ജികളില്‍ അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കേണ്ടവര്‍ തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഇപ്പോള്‍ അവധിയിലാണ്. മെഡിക്കല്‍ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം. ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ അവധി.

ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

സുപ്രീംകോടതി വെബ്‌സൈറ്റില്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന താല്‍ക്കാലിക തീയതി എട്ടാം തീയതി കാണിച്ചതിനാല്‍ അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ് ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം പുനപരിശോധനാ ഹരജികളും നാല് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്. ജയരാജ് കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹരജികള്‍ നല്‍കിയത്.

chandrika: